എൽമോണ്ട്: യുഎസ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങളായ ആനന്ദ് പവാർ, അജയ് ജയറാം എന്നിവർ ക്വാർട്ടറിൽ.
പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ആദ്യ പ്രീ ക്വാർട്ടറിൽ പ്രതുൽ ജോഷിയെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് ആനന്ദ് പവാർ ക്വാർട്ടറിലേക്ക് മുന്നേറിയത്. 35 മിനിറ്റ് നീണ്ട മത്സരത്തിൽ 21-10, 21-13 എന്ന ക്രമത്തിലായിരുന്നു ആനന്ദ് പവാറിന്റെ വിജയം. മറ്റൊരു മത്സരത്തിൽ നാലാം സീഡ് അജയ് ജയറാം പോർച്ചുഗലിന്റെ പെഡ്രോ മാർട്ടിൻസിനെ കീഴടക്കി. 31 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിൽ 21-11, 21-15 എന്ന സ്‌കോറിനായിരുന്നു അജയ് ജയറാം വിജയം കണ്ടത്. അതേസമയം അഞ്ചാം സീഡ് ഇന്ത്യയുടെ എച്ച്.എസ്. പ്രണോയി, ആറാം സീഡ് ബി. സായി പ്രണീത് എന്നിവരുടെ പോരാട്ടം പ്രീ ക്വാർട്ടറിൽ അവസാനിച്ചു.
കൊറിയയുടെ ലീ ഹ്യൂൻ 25-23, 23-21 എന്ന ക്രമത്തിൽ നേരിട്ടുള്ള ഗെയിമുകൾക്ക് എച്ച്.എസ്. പ്രണോയിയെ കീഴടക്കിയപ്പോൾ ജപ്പാൻ താരം കസുമാസ് സാകിയാണ് 13-21, 21-17, 22-20 എന്ന ക്രമത്തിൽ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ സായി പ്രണീതിനെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു പ്രണീതിന്റെ പരാജയം. കഴിഞ്ഞയാഴ്ച സായിപ്രണീത് കാനഡ ഓപ്പൺ ബാഡ്മിന്റണിൽ ജേതാവായിരുന്നു.
വനിതാ സിംഗിൾസിൽ തൻവി ലാഡിന്റെ കുതിപ്പും അവസാനിച്ചു. സഞ്ചാം സീഡ് യുഎസിന്റെ ബെൽവൻ ഷാങാണ് 21-17, 21-15 എന്ന സ്‌കോറിന് തൻവിയെ പരാജയപ്പെടുത്തിയത്.
പുരുഷ ഡബിൾസിൽ മനു അത്രി-സുമീത് റെഡ്ഡി സഖ്യം ക്വാർട്ടറിൽ. ജാപ്പനീസ് ജോഡികളായ കെന്യ മിറ്റ്‌സുഹാഷി-യുത വതനാബെ സഖ്യത്തെ 23-21, 21-13 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അത്രി-റെഡ്ഡി സഖ്യം ക്വാർട്ടറിലേക്ക് മുന്നേറിയത്. അതേസമയം പ്രണവ് ജെറി-അക്ഷയ് ദേവാൽക്കർ സഖ്യവും വനിതാ ഡബിൾസിൽ ജ്വാലഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും പ്രീ ക്വാർട്ടർ കളിക്കാതെ പിന്മാറി.
വനിതാ ഡബിൾസിൽ മേഘ്‌ന-പൂർവിഷ റാം സഖ്യവും അവസാന എട്ടിൽ ഇടംപിടിച്ചു. പ്രീക്വാർട്ടറിൽ യുഎസ് ജോഡികളായ ഏരിയൽ ലീ-സിഡ്‌നി ലീ സഖ്യത്തെ 21-16, 21-6 എന്ന സ്‌കോറിനാണ് ഇന്ത്യൻ ജോഡി കീഴടക്കിയത്.
















