കേരളത്തില്‍ ധനകാര്യവിദഗ്ധനായ രാഷ്‌ട്രീയക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ എളുപ്പം കിട്ടുന്ന ഉത്തരം ഡോ. തോമസ് ഐസക് എന്നാണ്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ധനകാര്യ ഉപദേഷ്ടാവായ ഡോ. ഐസക്, വി.എസ്.മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. നായനാര്‍ ഭരിച്ചപ്പോഴും വിഎസ് മുഖ്യമന്ത്രിയായപ്പോഴും സംസ്ഥാനത്തിന്റെ സമ്പദ്ഘടന കുതിച്ചു എന്നൊന്നും ആരും വിലയിരുത്തിയിട്ടില്ല. ഡോ. ഐസക്കിനും അങ്ങനെ വലിയൊരു അവകാശവാദമൊന്നും ഉണ്ടായിട്ടുമില്ല.
പിണറായി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി വീണ്ടും ഡോ. ഐസക് എത്തി. തുടര്‍ന്ന് ഡോ. ഐസക് ഇന്നലെ അവതരിപ്പിച്ചത് ഒരു സമ്പൂര്‍ണ ബജറ്റല്ല. പുതുക്കിയ ബജറ്റെന്ന് വേണമെങ്കില്‍ പറയാം. ഉപ്പിനോളം വരില്ല ഉപ്പിലിട്ടത് എന്നൊക്കെ പറയാറുണ്ടെങ്കിലും ഡോ. ഐസക്കിന്റെ ബജറ്റ് ഉപ്പിനെ തോല്‍പ്പിച്ചു. കെ.എം.മാണിയാണല്ലോ നടപ്പുവര്‍ഷത്തെ ബജറ്റവതരിപ്പിച്ചത്.
മാണി ധനതത്വശാസ്ത്രജ്ഞനൊന്നുമല്ല.
എന്നിട്ടും സംസ്ഥാനത്ത് കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച ഖ്യാതി മാണിക്കാണ്. കമ്മിയും മിച്ചവുമല്ലാത്ത ബജറ്റവതരിപ്പിച്ച് കയ്യടിനേടിയ മാണി ബജറ്റ് തന്നെ വിറ്റ ധനമന്ത്രി എന്ന പേരുദോഷത്തിനും അവകാശിയാണ്. മാണിയുടെ റിക്കാര്‍ഡ് ഭേദിക്കാന്‍ ഡോ. ഐസക്കിന് കുറച്ചുവര്‍ഷംകൂടി കാത്തിരിക്കേണ്ടിവരും. പക്ഷേ ഐസക്ക് ഒരു കാര്യത്തില്‍ റിക്കാര്‍ഡിട്ടു. ഏറ്റവും കൂടുതല്‍ നേരം ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി എന്ന റിക്കാര്‍ഡാണ് ഐസക്ക് സ്വന്തമാക്കിയത്. രണ്ടുമണിക്കൂര്‍ 56 മിനിട്ടാണ് ഇത്തവണത്തെ സമയം. അതാണ് പറഞ്ഞത് പുതുക്കിയ ബജറ്റിന് കൂടുതല്‍ സമയം. ഉപ്പിലിട്ടതിന് ഉപ്പിനേക്കാള്‍ ഉപ്പ്.
ഭാരതത്തിന്റെ ആദ്യത്തെ ധനമന്ത്രി മലയാളിയായ ജോണ്‍ മത്തായിയായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മത്തായി 1948 ല്‍ പാര്‍ലമെന്റില്‍ ബജറ്റവതരിപ്പിക്കാനെത്തിയത് ഇന്നത്തെപ്പോലെ പെട്ടിയും തൂക്കിയായിരുന്നില്ല. ഒരു തുണ്ടുകടലാസുപോലും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നില്ല. ബജറ്റവതരിപ്പിക്കാന്‍ ക്ഷണിച്ചപ്പോള്‍ സഭയില്‍ എഴുന്നേറ്റുനിന്ന ജോണ്‍ മത്തായിയുടെ നാവില്‍നിന്നും ബജറ്റ് പിറവിയെടുക്കുകയായിരുന്നു.
ഒരുവരിപോലും നീക്കം ചെയ്യുകയോ കൂട്ടിച്ചേര്‍ക്കുകയോ വേണ്ടിവരാത്ത ഒന്നാംതരം ബജറ്റ്. അതേ ജോണ്‍ മത്തായി ബജറ്റ് ദുരന്തത്തിനിരയായി. 1950 ല്‍ അദ്ദേഹം അവതരിപ്പിച്ച ബജറ്റ് വിവാദമായി. പ്രതിഷേധമായി. തുടര്‍ന്ന് മന്ത്രി സ്ഥാനംതന്നെ ഉപേക്ഷിച്ചു. പക്ഷേ കേരളത്തിലെ മന്ത്രിമാരാരും തയ്യാറാക്കാത്ത ബജറ്റവതരിപ്പിച്ച് മിടുക്ക് കാട്ടാനൊന്നും മുതിര്‍ന്നില്ല.
ഡോ. ഐസക് 309 ഇനംതിരിച്ച് തയ്യാറാക്കിയ ബജറ്റ് പ്രസംഗം
പുസ്തകരൂപത്തിലെത്തിയപ്പോള്‍ 116 പേജ് വേണ്ടിവന്നു. അതിലാകട്ടെ ‘കണ്ണല്ലാത്തതെല്ലാം പൊന്നാക്കാന്‍’ പോകുന്നു എന്ന തോന്നലാണ് ഉളവാക്കിയത്. കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി സി.അച്യുതമേനോനാണ്. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിലെ അംഗമായ അച്യുതമേനോനോ അതിനുശേഷം ധനമന്ത്രിമാരായ കമ്യൂണിസ്റ്റ് നേതാക്കളാരെങ്കിലുമോ സാമൂഹ്യപരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരുദേവനെ സ്മരിച്ചിട്ടില്ല.
ഡോ.ഐസക് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി അഞ്ചുതവണ ബജറ്റവതരിച്ചപ്പോള്‍ ഗുരുദേവനെ ഒരിക്കല്‍ പോലും ഓര്‍ത്തിട്ടില്ല. അന്നൊക്കെ ‘ശ്രീനാരായണന്റെ ചിന്തകള്‍ക്ക് പിന്തിരിപ്പന്‍ സ്വഭാവമാണുള്ളതെന്ന’ ഇഎംഎസിന്റെ വാക്കുകളെ മാറോടണച്ചതുകൊണ്ടാണോ എന്നറിയില്ല. എന്നാല്‍ ഇത്തവണ ശ്രീനാരായണ ഗുരുദേവന്റെ സൂക്തങ്ങളും സ്മാരകങ്ങളും ബജറ്റ് പ്രസംഗത്തില്‍ ഇടംപിടിച്ചു.
ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍പോലും സ്വാതന്ത്ര്യം നല്‍കാത്ത ജില്ലയില്‍ നിന്നെത്തിയ മുഖ്യമന്ത്രിയില്‍ നിന്നുതന്നെയാണോ ഗുരുദേവനെ വന്ദിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായത്? ഗുരുദേവനെ കുരിശിലേറ്റി പരിഹസിക്കുകയും ഗുരുദേവ പ്രതിമകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുപോരുന്ന അണികള്‍ക്ക് ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്തതാണ് ഗുരുദേവ സ്മരണ എന്ന് തിരിച്ചറിഞ്ഞെങ്കില്‍ സന്തോഷം. ദൈവദശകത്തിന്റെ വരി സഭയിലുദ്ധരിച്ച സഖാവ് ഐസക്ക് ദൈവദശകം പാര്‍ട്ടി ക്ലാസുകളില്‍ പാഠ്യവിഷയമാക്കേണ്ടിവരുന്ന കാലം വിദൂരമല്ലെന്ന് അറിയുക. ഏതായാലും ഈയൊഒരു സാഹചര്യം സൃഷ്ടിച്ചതിന് അമിത്ഷായോട് നന്ദി പറയണം. വെള്ളാപ്പള്ളി നടേശനോട് കടപ്പെടുകയും വേണം.
”നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല.” എന്ന ഗുരുദേവ വിളംബരത്തെ തൊട്ടുകൊണ്ടാണ് ഡോ. ഐസക്കിന്റെ ബജറ്റ് പ്രബന്ധം തുടങ്ങിയത്. ഗുരുദേവന്‍ ആരോടെങ്കിലും യുദ്ധം പ്രഖ്യാപിച്ചുകൊണ്ടല്ല ആദ്ധ്യാത്മിക മാര്‍ഗത്തില്‍ സഞ്ചരിച്ചത്. ഭിന്നാഭിപ്രായക്കാര്‍ക്ക് നേരെ വാളെടുക്കാന്‍ മുതിര്‍ന്നിട്ടുമില്ല. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാകും ഞങ്ങളുടെ സര്‍ക്കാര്‍ എന്ന് വീമ്പടിക്കുമ്പോള്‍ ലളിതമായ ഭാഷ ഉപയോഗിച്ചാല്‍ അത് ഭോഷ്‌ക്കാണ്.
നവോത്ഥാന നായകരെ തള്ളിപ്പറയുകയും സമൂഹമധ്യത്തില്‍ അവരെയൊക്കെ അവഹേളിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ‘ഞങ്ങള്‍’ എന്ന് അവകാശപ്പെടുന്നവര്‍ക്കുള്ളത്. ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും മഹാത്മാ അയ്യന്‍കാളിയുമെല്ലാമാണ് ഈ അവഹേളത്തിന് പാത്രമായത്. ഇപ്പോള്‍ തെറ്റ് തിരുത്തിയെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. അടവുനയം സ്വീകരിച്ചിരിക്കുന്നു എന്നുമാത്രം. അല്ലെങ്കില്‍ ഇത്രയുംകാലം ഞങ്ങള്‍ സഞ്ചരിച്ച പാത പിശകായിരുന്നു എന്ന് തുറന്നുപറയാനുള്ള ആര്‍ജ്ജവം കാണിക്കണം.
ആദ്ധ്യാത്മിക ആചാര്യന്മാരെ അന്നും ഇന്നും വേട്ടയാടുക എന്നത് ഒരു ആചാരവും ആഘോഷവുമാക്കി നടക്കുന്നവര്‍ ഒന്നു മുങ്ങിക്കുളിച്ചപ്പോള്‍ പരിശുദ്ധരായി എന്നാര്‍ക്കാണ് വിശ്വസിക്കാന്‍ സാധിക്കുന്നത്! നാടോടുമ്പോള്‍ നടുവെ ഓടുന്ന അടവ്. അത് പ്രത്യയശാസ്ത്രം ഉപേക്ഷിക്കാതെ കൊണ്ടുനടക്കാന്‍ കഴിയില്ല. കേരള രാഷ്‌ട്രീയത്തിലെ നീലക്കുറുക്കന്മാരാണ് ഭരണം നയിക്കുന്നത്. ഡോ. തോമസ് ഐസക്കിന് അതില്‍നിന്നും വേറിട്ടുനില്‍ക്കാന്‍ കഴിയില്ല. ഖജനാവില്‍ ചില്ലിക്കാശില്ലെന്ന് പുരപ്പുറത്ത് കയറിപ്പറയുക.
ആഴ്ചയൊന്ന് കഴിയുമ്പോഴേക്കും എല്ലാം ശരിയാക്കാന്‍ കാശുണ്ടെന്ന് വിളിച്ചറിയിക്കുക. ഒന്നുകില്‍ ആദ്യം പറഞ്ഞത് കളവ്. അല്ലെങ്കില്‍ രണ്ടാമത് പറഞ്ഞത് നുണ. ജനങ്ങളെ എങ്ങനെ സമര്‍ത്ഥമായി കളിപ്പിക്കാന്‍ കഴിയുമെന്ന് പരീക്ഷിക്കുകയാണ് ഇടതുമുന്നണി. ഇടതായാലും വലതായാലും കേരളം രക്ഷപ്പെടണമെന്ന് കരുതി കഴിയുന്ന ജനങ്ങളെ കഷ്ടപ്പെടുത്താനാണ്, കടത്തിന്റെ കയത്തില്‍ മുക്കാനാണ് നീക്കമെന്ന് പറയേണ്ടിവന്നിരിക്കുന്നു.
















