മലപ്പുറം: പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട് 2015 ഒക്ടോബറില്‍ നടന്ന സര്‍വെ പ്രകാരം 16 വയസ് വരെയുള്ള കുട്ടികളില്‍ 18.79 ശതമാനം പേര് പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്തവരോ ഭാഗികമായി മാത്രം കുത്തിവെപ്പെടുത്തവരോ ആയിരുന്നു. എന്നാല്‍ 2016 ജൂലൈയില്‍ ഇത് 10.78 ശതമാനത്തിലേയ്ക്ക് കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് മന്ത്രി പി.കെ ശൈലജയുടെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. 2015 ല്‍ ഈ വിഭാഗത്തില്‍ 2,35,537 കുട്ടികളുണ്ടായിരുന്നത് 2016ജൂലൈ ആറ് വരെയുള്ള കണക്ക് പ്രകാരം 1,35,154 കുട്ടികള്‍ മാത്രമാണ് കുത്തിവെപ്പ് എടുക്കാനുള്ളത്.
2012 ല്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതോടെ കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് മിക്കവര്‍ക്കും കുത്തിവെപ്പ് എടുക്കാനുള്ള പ്രവണത കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതു കൊണ്ട് ഒരു വയസ് വരെയുള്ള കുട്ടികളില്‍ 5.35 ശതമാനം മാത്രമേ കുത്തിവെപ്പ് എടുക്കാനുള്ളൂ. എന്നാല്‍ ഏഴ് മുതല്‍ 16 വയസ് വരെയുള്ള കുട്ടികളില്‍ കുത്തിവെപ്പ് എടുക്കാത്തവരുടെ എണ്ണം 14.19 ശതമാനമാണ്. ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളില്‍ കൊണ്ടോട്ടി, കുറ്റിപ്പുറം, പൂക്കോട്ടൂര്‍, വളവന്നൂര്‍ ആരോഗ്യ ബ്ലോക്കുകളില്‍ 2015 ല്‍ കുത്തിവെപ്പിനെതിരെ പ്രതിരോധം വളരെ ശക്തമാക്കിയിരുന്നു. എന്നാല്‍ കൊണ്ടോട്ടിയിലെ ചെറുകാവിലും വളവന്നൂരിലെ താനൂരിലും ഒന്ന് വീതം പേര് ജൂണില്‍ ഡിഫ്തീരിയ മൂലം മരണപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ നിലവില്‍ കൊണ്ടോട്ടിയില്‍ 121.44 ശതമാനവും വളവനൂരില് 41.63 ശതമാനം പേര്‍ക്കും ജൂലൈ നാല് വരെ ടെറ്റ്നസ്-ഡിഫ്തീരിയ വാക്സിന് നല്കാന് കഴിഞ്ഞു.
2015 സെപ്റ്റംബറില്‍ ജില്ലയില്‍ അഞ്ച് ഡിഫ്തീരിയ കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍പ് ഉപയോഗിച്ചിരുന്ന റ്റി.റ്റി വാക്സിന് മാറ്റി സ്കൂള്‍ ഇമ്മ്യുനൈസേഷന് പരിപാടിക്ക് കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ മലപ്പുറം ജില്ലയില്‍ റ്റി.ഡി വാക്സിന് ഉപയോഗിച്ച് തുടങ്ങിയത്. രണ്ട് അനാഥാലയങ്ങളിലെ അന്തേവാസികളിലാണ് അന്ന് ഡിഫ്തീരിയ കണ്ടെത്തിയത്.
1,05,000 ഡോസ് റ്റി.ഡി വാക്സിന് ജില്ലയ്ക്ക് ലഭിച്ചിരുന്നു ഇത് സി.എച്ച്.സി കള്‍ക്കും പി.എച്ച്.സി കള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. ജൂലൈ ആറ് വരെ 91,190 ഡോസ് നല്കി. 13,810 ഡോസ് ബാക്കിയുണ്ട്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും റ്റി.ഡി വാക്സിനും എരിത്രോമൈസിന്‍ ഗുളികകളും നല്‍കുന്നുണ്ട്.
ഇതുവരെ 25 കേസുകളാണ് 2016 ജൂണ്‍ മുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 21 എണ്ണം സംശയാസ്പദമായ കേസുകളാണ്. രണ്ട് പേര് മരണപ്പെട്ടു. ഇതില്‍ രണ്ടും 15 വയസില്‍ താഴെയുള്ളവരാണ്. 25 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 15 പേര് 15 വയസിന് താഴെയുള്ളവരും 10 പേര് 20 വയസിന് മുകളിലുള്ളവരുമാണ്.
2008 ല്‍ ജില്ലയില്‍ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഊരകത്ത് ഒരു മരണവും 2009 ല്‍ രണ്ട്, 2011 ല്‍ നാല് , 2012 ല്‍ ഒരു കേസും ഒരു മരണവും, 2013 ല്‍ 11 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് 2015ലാണ് ഡിഫ്തീരിയ വീണ്ടുമെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: