തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ശിവസുന്ദരം എന്ന ആന ചെരിഞ്ഞു. ഇന്നലെ രാവിലെയാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രം ഗസ്റ്റ് ഹൗസിന് സമീപത്തെ ആനയെ തളച്ചിടുന്ന സ്ഥലത്ത് ബുധനാഴ്ച വൈകിട്ട് ഭക്ഷണം നല്‍കി പാപ്പാന്‍പോയതാണത്രേ. ഇന്നലെ രാവിലെ പാപ്പാന്‍ എത്തിയപ്പോഴാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 28 വയസ്സുള്ള ശിവസുന്ദരം മൂന്ന് മാസമായി മദപ്പാടിലാണ്. അതുകൊണ്ടുതന്നെ പുറത്തേക്ക് കൊണ്ടുപോകാറില്ല.
19 വര്‍ഷം മുമ്പാണ് ശിവസുന്ദരത്തെ ശിവകാശിയിലെ മാരിയപ്പന്‍ നടയിരുത്തിയത്. നിരവധി ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുപോകാറുണ്ടായിരുന്ന ശിവസുന്ദരം ലക്ഷണമൊത്ത ആനയായിരുന്നു.
രാജരാജേശ്വര ക്ഷേത്രത്തില്‍ചെരിയുന്ന മൂന്നാമത്തെ കൊമ്പനാണ് ശിവസുന്ദരം. 1995ല്‍ നീലകണ്ഠന്‍ എന്ന ആനയും 2010ല്‍ സദാശിവം എന്ന ആനയും ചെരിഞ്ഞിരുന്നു. ഇനി ഗണപതിയെന്ന ആനമാത്രമേ ക്ഷേത്രത്തിലുള്ളൂ.
















