ന്യൂദൽഹി: പന്ത്രണ്ട് വർഷത്തിനു ശേഷം കേന്ദ്ര കായിക മന്ത്രാലയത്തിലേക്കു തിരിച്ചെത്തുന്ന വിജയ് ഗോയലിന് കായിക വികസനത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ട്. കായിക മന്ത്രിയായി ചുമതലയേറ്റ ശേഷം സംസാരിച്ചതും ഇതേക്കുറിച്ച്. ‘‘എനിക്കൊരു കാഴ്ചപ്പാടുണ്ട്. ഇതിനു മുൻപും കായിക മന്ത്രിയായിരുന്നിട്ടുണ്ട്. കാര്യങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കാം- ഗോയൽ പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിൽ 2004 വരെ കായിക മന്ത്രിയായിരുന്നു ഗോയൽ.
സ്ഥാനലബ്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അ ധ്യക്ഷൻ അമിത് ഷായ്‌ക്കും നന്ദിയും രേഖപ്പെടുത്തി ഗോയൽ. മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. റിയൊ ഒളിമ്പിക്‌സിലെ ഇന്ത്യൻ പ്രകടനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും മന്ത്രി പങ്കുവെച്ചു. ‘‘റിയൊയിൽ ഇന്ത്യ എത്ര മെഡൽ നേടുമെന്ന് പ്രവചിക്കാനാവില്ല.
അതേക്കുറിച്ച് പറഞ്ഞാൽ അതു നേരത്തെയാകും. പങ്കെടുക്കുന്നവർക്കെല്ലാം ആശംസകൾ. ഇന്ത്യ കൂടുതൽ മെഡൽ നേടുമെന്നു പ്രതീക്ഷ‘‘- മന്ത്രി പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഇപ്പോൾ വിജയ് ഗോയൽ.
















