ചാരുംമൂട്: മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ കഞ്ചാവ് വലിക്കുവാനുള്ള പ്രത്യേക ഉപകരണം സഹിതം വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തിവന്നയാളെ ആന്റി നാര്‍ക്കോട്ടിങ് സ്‌ക്വാഡിന്റെ പിടികൂടി. കൊല്ലം ആനയടി സതീഷ് ഭവനത്തില്‍ വാടകയ്‌ക്ക് താമസിച്ചു വന്നിരുന്ന ആറന്മുള സ്വദേശി രവി (55) ആണ് പിടിയിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആന്റി നാര്‍ക്കോട്ടിങ് സ്‌ക്വാഡ് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ചില വിദ്യാര്‍ത്ഥികള്‍ സിഗററ്റ് വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചുനക്കര തെരുവ് മുക്കിനു സമീപത്തുനിന്നും രവിയെ പിടികൂടിയത്.
ഉപകരണത്തിലൂടെ ഒരു തവണ കഞ്ചാവ് ഉപയോഗിക്കുന്നതിന് വിദ്യാര്‍ത്ഥകളുടെ പക്കല്‍ നിന്നും 50 മുതല്‍ 100രൂപവരെ ഇയാള്‍ ഈടാക്കിയിരുന്നു. നാര്‍ക്കോട്ടിങ് സെല്‍ ഡിവൈഎസ്പി മോഹനന്റെ നേതൃത്വത്തില്‍ എഎസ്‌ഐ അലി അക്ബര്‍, സിപിഒ മാരായ ശരത്, ഷാഫി, അനുഗംഗ, ഹസന്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
















