പൂച്ചാക്കല്‍: അരുക്കുറ്റിയില്‍ ചികില്‍സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേരെ പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. അരുക്കുറ്റി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സുഷമാലയത്തില്‍ ഗംഗാധരന്‍ (52) ആണ് ചൊവ്വാഴ്ച മരിച്ചത്. പെരുമ്പളം സ്വദേശിയായ ഇയാള്‍ അരൂക്കുറ്റിയിലെ ഭാര്യ വീട്ടിലായിരുന്നു താമസം.
നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് അരുക്കുറ്റി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ആര്‍.വി. അരുണിന്റെ വീട്ടിലെത്തിച്ചു. എന്നാല്‍, വേദന കൊണ്ട് പുളയുന്ന രോഗിയെ വേണ്ട വിധം നോക്കാനൊ മറ്റെവിടെയെങ്കിലും കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയും ഡോക്ടര്‍ ചെയ്തില്ല. തൊട്ടടുത്ത ലാബില്‍ ഇസിജി എടുത്ത ശേഷം രോഗിയെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും നേഴ്‌സ് ഗുളിക നല്‍കിയെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ച രോഗിയെ വീണ്ടും ബന്ധുക്കള്‍ തൊട്ടടുത്ത ഡോക്ടറുടെ വീട്ടില്‍ വീണ്ടും എത്തിച്ചു. ഈ സമയം മരണം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഡോക്ടറെ മണിക്കൂറോളം ഉപരോധിച്ചു. ഇതിനിടയില്‍ ഡോക്ടറെ കൈയേറ്റം ചെയ്തതായും പറയുന്നു. അടിയന്തിര ചികിത്സ നല്‍കുന്നതിലുള്ള അലംഭാവവും വിദഗ്ദ ചികില്‍സാ നിര്‍ദ്ദേശവും ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായില്ലന്നും ആശുപത്രിയിലെത്തുന്ന രോഗികളോട് ഡോക്ടറുടെ സമീപനം മോശമാണെന്നുമാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എഡിഎം. എം.കെ. കബീര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ അരൂക്കുറ്റി പഞ്ചായത്തിലെ കളത്തിപറമ്പില്‍ ഗോകുല്‍ദാസ്, ആതിര നിവാസ് ഉത്തമന്‍, കത്തിപറമ്പില്‍ സുരേഷ് കുമാര്‍, പള്ളിക്കര പോള്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി. കണ്ടലറിയാവുന്ന 200 പേര്‍ക്കെതിരെയുള്ള കേസ്സില്‍ 12 പേര്‍ ജാമ്യമെടുത്തതായ് അറിയുന്നു.
ഇതേ സമയം തക്കസമയത്ത് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് മരണപ്പെട്ടതെന്നു കാട്ടി ഡോക്ടര്‍ക്കെതിരെ ഭാര്യ സുമ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കി.
















