ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഈദ് ഗാഹിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരല്ലാവരും പോലീസുകാരാണ്.
തലസ്ഥാനമായ ധാക്കയില്‍ നിന്ന് നൂറ് കീലോമീറ്റര്‍ അകലെ കിഷോര്‍ഗഞ്ചിലാണ് സംഭവം. രാജ്യത്ത് ഏറ്റവും വലിയ ഈദ് നമസ്കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ പ്രവേശന കവാടത്തില്‍ വ്യാഴ്യാഴ്ച രാവിലെയായിരുന്നു സ്ഫോടനം. ഈദ് നമസ്‌കാരത്തിനായി മൂന്നു ലക്ഷത്തോളം വിശ്വാസികള്‍ ഇവിടെ സംഗമിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിലെ പ്രമുഖ ഹോളി ആര്‍ട്ടിസാന്‍ കഫേയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസും അല്‍ഖ്വയ്ദയും രംഗത്തെത്തിയെങ്കിലും ഇരു തീവ്രവാദ സംഘടനകളുടേയും അവകാശവാദം തള്ളിക്കളഞ്ഞ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ ജമാഅത്തുല്‍ മുജാഹിദ്ദീനാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
















