കോഴിക്കോട്: ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ബിജെപിയുടെ ആഭിമുഖ്യത്തില്‍ മഹാസമ്പര്‍ക്കത്തിന് തുടക്കം. ഇന്നലെ കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഏകാത്മ മാനവദര്‍ശനത്തിന്റെ പ്രതി കൈമാറിക്കൊണ്ട് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ സമ്പര്‍ക്കയജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളമിസ്റ്റ് പി. പി. ഉമര്‍ഫറൂഖ് പ്രതി ഏറ്റുവാങ്ങി. ഭാരതം ഇന്ന് ലോകത്ത് അത്ഭുത പ്രതിഭാസമാണെന്ന് ഉമര്‍ ഫറൂഖ് പറഞ്ഞു. മറ്റ് ലോക സംസ്‌കാരങ്ങള്‍ മുഴുവന്‍ തകര്‍ന്നടിഞ്ഞു. അനേകം വൈവിധ്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ആര്‍ഷഭാരതസംസ്‌ക്കാരം ഇന്നും നിലനില്‍ക്കുന്നു. കമ്മ്യൂണിസത്തിന്റെ കയ്യേറ്റത്തില്‍ ചൈനീസ് സംസ്‌കൃതി ഇല്ലാതായി. അറബ് ദേശീയതയുടെ വരവില്‍ ഈജിപ്ത്യന്‍ സംസ്‌കൃതിയും തകര്‍ന്നു. ലോകത്തെ നിരവധി രാജ്യങ്ങളില്‍ തനത് നല്ല സംസ്‌കൃതികള്‍ ഇല്ലാതായി. എന്നാല്‍ 5000ത്തിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനുംമുള്ള ഭാരതത്തിന്റെ സവിശേഷതയാണത്. മതേതരമെന്ന് കരുതുന്ന പല രാഷ്‌ട്രങ്ങളും മതരാജ്യങ്ങളാണ്. അമേരിക്കയും ബ്രിട്ടനും ഇതിനുദാഹരണം. ഭാരതവും നേപ്പാളും മാത്രമാണ് മതേതര രാജ്യങ്ങളായി നിലനില്‍ക്കുന്നത്. എല്ലാ വ്യവസ്ഥിതികളിലും ചൂഷണം നില നില്‍ക്കുമ്പോള്‍ ചൂഷണരഹിതമായ വ്യവസ്ഥിതിയാണ് ഭാരതം മുന്നോട്ടുവെച്ചത്. ലോകത്തിന് പുതിയ സമ്പദ്ഘടന മുന്നോട്ടുവെക്കാനും ഭാരതത്തിനേ കഴിയൂ. ഭാരതത്തിനുള്ളില്‍ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ കഴിയണം. അഹിംസയുടെ പ്രവാചകനായ ബുദ്ധന്റെയും ലോകത്ത് നിന്ന് ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍ക്ക് അഭയം നല്‍കിയ പാരമ്പര്യവുമുള്ള നാട്ടില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയണം, പരസ്പരം സംരക്ഷിക്കണമെന്ന് ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, ജില്ലാ ജനറല്‍സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ എന്നിവര്‍ സംസാരിച്ചു.
















