കുവൈത്ത് സിറ്റി: ഈദുല്‍ഫിത്തര്‍ ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ എട്ടംഗ ഐഎസ് സംഘത്തില്‍ ഭാരതീയനും ഉള്‍പ്പെട്ടതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.
ഹവാലി ഗവര്‍ണറേറ്റിലെ ജാഫരി മോസ്‌കിലും ,ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസുകളിലും ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്ന എട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ ഒരാള്‍ ഭാരത പൗരനെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് ഭാരത എംബസിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മുകേഷ് എന്നാണ് പിടിയിലായ ഭാരതീയന്റെ പേര്. എന്നാല്‍ ഇയാള്‍ ഏതുസംസ്ഥാനത്തു നിന്നുള്ളയാളാണെന്ന വിവരം ലഭ്യമായിട്ടില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്താനായിരുന്നു ഐഎസ് അംഗങ്ങളായ ഭീകരരുടെ പദ്ധതി.
മൂന്ന് സ്ഥലങ്ങളില്‍ നിന്നാണ് ഒരു സ്ത്രീയടക്കം എട്ടു ഭീകരരെ പിടികൂടിയത്. ഇതില്‍ മൂന്നാമത്തെ സംഘത്തില്‍ ഉള്‍പ്പെട്ട നാലുപേരില്‍ ഒരാളാണ് മുകേഷ്. ഇതില്‍ മറ്റുള്ള രണ്ടുപേര്‍ സ്വദേശികളും ഒരാള്‍ ജിസിസി പൗരനുമാണ്.
















