കാലിഫോര്‍ണിയ: ആരെയും അടുപ്പിക്കാത്ത വ്യാഴവും ഒടുവില്‍ കീഴടങ്ങി. ശാസ്ത്ര ലോകത്തിന്റെ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ഇന്നലെ ഭാരത സമയം രാവിലെ ഒമ്പതു മണിയോടെ ശുഭാന്ത്യം. വ്യാഴത്തെ അടുത്തറിയാന്‍, പഠിക്കാന്‍ യുഎസ് ബഹിരാകാശ ഏജന്‍സി നാസ വിക്ഷേപിച്ച ഉപഗ്രഹം ജൂണോ ഇന്നലെ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. സൗരയൂഥത്തില്‍ ഏറ്റവും വികിരണവും ഗുരുത്വാകര്‍ഷണവും വേഗതയുമുള്ള ഗ്രഹത്തെ കീഴടക്കാനുള്ള വ്യാഴവട്ടങ്ങളായുള്ള ശാസ്ത്രലോകത്തിന്റെ ശ്രമം സഫലമായി.
സമീപകാലത്തെ ഏറ്റവും വലിയ ശാസ്ത്ര നേട്ടമെന്നാണ് ഗവേഷക ലോകം ഇതിനെ വിശേഷിപ്പിച്ചത്.
നൂറു കോടിയിലധികം രൂപ ചെലവിട്ടുള്ള പദ്ധതിയുടെ പ്രധാന ലക്ഷ്യം വ്യാഴത്തെ അടുത്തറിയുക. വാതകങ്ങള്‍കൊണ്ട് സമ്പന്നമാണ് ഏറ്റവും വലിയ ഗ്രഹം. ആ വാതകപാളികള്‍ക്കുള്ളിലെ രഹസ്യങ്ങളിലേക്കാണ് ജൂണോ കണ്ണുംകാതും തുറന്നുവയ്‌ക്കുക. ആഗസ്റ്റോടെയാണ് ജൂണോ ശരിക്കും ജോലി തുടങ്ങുക.
53 ദിവസങ്ങള്‍ക്കു ശേഷമേ പ്രാഥമിക ഭ്രമണപഥത്തില്‍നിന്ന് നിശ്ചിത ഭ്രമണപഥത്തിലെത്തു. അതോടെ വ്യാഴത്തിന്റെ ഉള്ളറകളിലേക്ക് ജൂണോയുടെ നോട്ടമെത്തും. അതിനു തക്കവിധം സാങ്കേതിക ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപഗ്രത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ഭൂമിയിലെത്താന്‍ ഒരു മണിക്കൂറെടുക്കും.
അഞ്ചു വര്‍ഷം കൊണ്ട് 2.8 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ച് വ്യാഴത്തിന്റെ മണ്ഡലത്തിലെത്തി ജൂണോ.
ഗ്രഹത്തിന്റെ ധ്രുവമേഖലയില്‍ വരുന്ന രീതിയിലാണ് ഭ്രമണപഥം. ദൗത്യത്തിന് ഏറെ പ്രയത്‌നിക്കേണ്ടിവന്നു നാസയ്‌ക്ക്. ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന സമയത്ത് വികിരണം മൂലം സാങ്കേതിക സംവിധാനങ്ങള്‍ തകരാറിലാകാനുള്ള സാധ്യത ഏറെയായിരുന്നു. അതിനെയെല്ലാം അതിജീവിക്കാനായി. അതിനായി ബാക്ക്അപ്പ് എന്‍ജിനുകളും സജ്ജീകരിച്ചിരുന്നു.
















