ന്യൂയോര്‍ക്ക്: നീണ്ട കാത്തിരിപ്പിനും ഉദ്വേഗത്തിനും വിരാമമിട്ട് നാസയുടെ ശൂന്യാകാശ വാഹനമായ ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. 20 മാസംവരെ പേടകം വ്യാഴത്തെ ഭ്രമണം ചെയ്യും. അതിനു ശേഷം വ്യാഴത്തിന്റെ ഉപരിതലത്തിലേക്കു പതിക്കും.
ജൂണോ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കുമെന്നാണ് കരുതുന്നത്. അഞ്ചു വര്‍ഷം കൊണ്ട് 17 കോടി മൈലുകള്‍ താണ്ടിയാണ് ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തിയത്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു മാറിയത്. 1600 കിലോഗ്രാം ഭാരമുള്ള ജൂണോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണു സഞ്ചരിച്ചിരുന്നത്.
വ്യാഴത്തിനരികെ എത്തുമ്പോള്‍ വേഗം മണിക്കൂറില്‍ രണ്ടു ലക്ഷത്തി അറുപത്തിആറായിരം കിലോമീറ്റര്‍ എത്തിച്ചിരുന്നു. 35 മിനിറ്റോളം പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചശേഷമാണ് വേഗത കുറച്ചത്. നിശ്ചിത സമയത്ത് എന്‍ജിന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജൂണോ വ്യാഴത്തെയും കടന്ന് അനന്തതയിലേക്കു പോകുമായിരുന്നു.
വ്യാഴത്തിന്റെ അന്തരീക്ഷത്തിലെ ജലാംശം, കാന്തിക വലയം, ഗുരുത്വാകര്‍ഷണം തുടങ്ങി അനവധി വിവരങ്ങള്‍ ജൂണോ നല്‍കുമെന്നാണ് നാസയുടെ പ്രതീക്ഷ. വ്യാഴം രൂപം കൊണ്ടതിനെപ്പറ്റിയും വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചേക്കും. ധ്രുവപ്രദേശങ്ങളില്‍ എത്തുമ്പോള്‍ ജൂണോ വ്യാഴത്തോട് വളരെ അടുത്തിരിക്കും. വ്യാഴത്തിന് വലിയ കാന്തവലയം ഉണ്ട്. ഭൂമിയുടെ കാന്തിക വലയത്തിനുള്ള ശക്തിയുടെ 20000 മടങ്ങ് ശക്തിയാണ് ഇതിനുള്ളത്.
















