കുവൈറ്റ്: കുവൈറ്റില്‍ സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലില്‍ നാല് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന അഞ്ചാമന്‍ അടുത്തിടെ ഇറാഖില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പോലീസ് പരിശോധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26ന് കുവൈറ്റിലെ അല്‍സാദിഖ് പള്ളിയില്‍ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് രാജ്യവ്യാപകമായി പരിശോധനകളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പരിശോധന.
മുബാരക് മാള്‍ഫി, ഫഹദ് ഹമദ്, ഫലേ നസീര്‍, മൊഹമ്മദ് ഫലാ എന്നിവരാണ് പിടിയിലായത്. ഐഎസില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചതായി ഇവര്‍ സമ്മതിച്ചു. ജിഹാദിക്ക് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും ഐഎസിന്റെ പതാകയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായും കുവൈറ്റ് അധികൃതര്‍ പറഞ്ഞു.
കുവൈറ്റിലെ ജനസംഖ്യയില്‍ 30 ശതമാനം ഷിയാ മുസ്ലിങ്ങളാണ്. ഇവരുടെ മോസ്‌ക്കിലാണ് ആക്രമണം നടന്നത്. കേസില്‍ 29 പേര്‍ അറസ്റ്റിലായിരുന്നു. ഇവരെല്ലാം സുന്നികളായ ഭീകരരാണ്. ഇവരില്‍ പതിനൊന്നു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് അധികൃതരുടെ നിലപാട്.
















