മംഗളൂരു: വേനലിനു മുമ്പേ ദാഹിച്ചുതുടങ്ങുന്ന ഗ്രാമങ്ങളാണ് കര്‍ണാടകത്തിലേറെയും. ഉഡുപ്പിയിലെ കുന്ദാപുരയ്‌ക്കടുത്ത അംപാരു ഗ്രാമത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. നാട്ടുകാരുടെ വെള്ളത്തിനായുളള നെട്ടോട്ടം കണ്ടപ്പോള്‍ അറുപതുകാരി ലക്ഷ്മി പൂജാര്‍ത്തി മറ്റൊന്നുമോര്‍ത്തില്ല, തന്റെ സമ്പാദ്യമത്രയും കിണറു കുഴിക്കാനെടുത്തു.
അമ്പത്തിരണ്ട് അടി ആഴമുള്ള കിണറിന് ചെലവായത് ആകെ 1.18 ലക്ഷം രൂപ. അതില്‍ 82,000 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരവും ബാക്കി 40,000 ലക്ഷ്മിയുടെ വിഹിതവും. കുഞ്ഞുന്നാളിലേ അനാഥയായ ലക്ഷ്മിയുടെ ആകെ സമ്പാദ്യമായിരുന്നു അത്.. ഇന്നിപ്പോള്‍ പത്തു കുടുംബങ്ങള്‍ക്ക് ലക്ഷ്മിയുടെ കാരുണ്യത്താല്‍ വെള്ളത്തിന്റെ വറുതി തീര്‍ന്നു. ലക്ഷ്മിയ്‌ക്ക് സഹായ ഹസ്തവുമായി മറ്റു നാലു സ്ത്രീകളും കൂട്ടിനുണ്ടായുണ്ടായിരുന്നു.
അംപാരുവില്‍ വേനലില്‍ വെള്ളമെത്തുന്നത് ടാങ്കറുകളിലാണ്. അല്ലാത്ത സമയങ്ങളിലാകട്ടെ വെള്ളം കിട്ടാന്‍ കിലോമീറ്ററുകള്‍ നടക്കണം.
ലക്ഷ്മി ഒരു ധീരവനിതയാണ്. മറ്റുള്ളവര്‍ക്ക് മാതൃകയും. തന്റെ സമ്പാദ്യമത്രയും അവര്‍ പൊതുനന്മയ്‌ക്കു വേണ്ടിയാണ് ചെലവഴിച്ചത്. അംപാരുവിലെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കിരണ്‍ ഹെഗ്‌ഡെയെക്ക് ലക്ഷ്മിയെ എത്ര പുകഴ്‌ത്തിയാലും മതിവരില്ല
. ഇതൊക്കെ ചെയ്യാന്‍ എനിക്കാരോടും അനുമതി ചോദിക്കേണ്ട. അതെനിയ്‌ക്കൊരു പ്രശ്‌നവുമല്ല. എനിക്ക് പെന്‍ഷനുണ്ട്. ഈയൊരെളിയ ശ്രമം മറ്റുള്ളവര്‍ക്ക് സഹായമാകുമെങ്കില്‍ അതെല്ലാം അര്‍ത്ഥവത്തായി. നന്മ മാത്രം നിറയുന്ന മനസ്സോടെ ലക്ഷ്മി പറയുന്നു. അച്ഛനമ്മമാര്‍ മരിച്ചതില്‍പ്പിന്നെ ബന്ധുക്കളും ഉപേക്ഷിച്ചതാണ് ലക്ഷ്മിയെ.
















