വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം മൗലിക അവകാശമാണ്. അതുപോലെ ബസ്സ് യാത്രാ നിരക്കില്‍ ഇളവ് അനുവദിക്കുന്നതും അവകാശമാണ്. സര്‍ക്കാര്‍ അതിനുള്ള നിയമങ്ങള്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ പല ബസ്സുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗജന്യം കൊടുക്കുന്നില്ല. വിദ്യാര്‍ത്ഥികളോട് തട്ടിക്കയറുകയും കയറ്റാതെ പോകുകയും ചെയ്യുന്നു. സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും വളരെ നീചമായ രീതിയില്‍ പെരുമാറുകയും ചെയ്യുന്ന കാഴ്ച സ്ഥിരമാണ്. പെണ്‍കുട്ടികള്‍ക്കാണ് ഇത് ദുസ്സഹം. ആണ്‍കുട്ടികള്‍ പ്രതികരിച്ചും പ്രതിഷേധിച്ചും കുറച്ചൊക്കെ രക്ഷപ്പെടും.
ബസ്സുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കുക, സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുക, പ്രതികരിച്ചാല്‍ കുറച്ച് പേരെ കൊണ്ടുപോകുക. ഇക്കാരണങ്ങളാല്‍ കുട്ടികള്‍ക്ക് കൃത്യസമയത്ത് സ്‌കൂളിലും കോളേജുകളിലും വീട്ടിലും എത്താന്‍ പറ്റുന്നില്ല. നിയമപാലകര്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഇതിന് പരിഹാരമുണ്ടാകും.
കഴിഞ്ഞ ദിവസം കുന്നംകുളം ഭാഗത്ത് ഒരു ബസ്സ് വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുകയും പോലീസ് ആ ബസ്സ് തിരിച്ചുകൊണ്ടുവന്ന് വിദ്യാര്‍ത്ഥികളെ കയറ്റിക്കൊണ്ട് പോയതുമായ സംഭവം അഭിനന്ദനാര്‍ഹം തന്നെ. ചെറിയ പ്രശ്‌നമാണെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ ഇടപെട്ട സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നടപടി മാതൃകാപരമാണ്.
അതത് ജില്ലാ കളക്ടര്‍മാര്‍, പോലീസ് മേധാവി, ആര്‍ടിഒ, ബസ്സ് ജീവനക്കാര്‍ എന്നിവരെ ചേര്‍ത്ത് ഒരു യോഗം സംഘടിപ്പിക്കുക, നിയമം ലംഘിക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് താല്‍ക്കാലികമായി തടഞ്ഞുവെക്കുക, ബസ്സുകള്‍ സ്റ്റേഷനുകളില്‍ പിടിച്ചുകൊണ്ടുവരിക എന്നീ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തുകഴിഞ്ഞാല്‍ കുട്ടികളെ ബസ്സില്‍ കയറ്റാന്‍ നിര്‍ബന്ധിതമാകും.
ബസ് സ്റ്റോപ്പുകളിലും സ്റ്റാന്റിലും പോലീസുകാരെ നിര്‍ത്തുക. വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന ബസ്സുകളെ പിടികൂടുക. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നേരിട്ട് ഇടപെടാതെ പ്രധാന അദ്ധ്യാപകന്‍ വഴി പോലീസ് സ്റ്റേഷനുകളില്‍ പരാതിപ്പെടുക. ഒപ്പം ബസ്സ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തുക.
ഒ.പി.നമ്പീശന്‍,
മഞ്ചേരി
















