ചേര്‍ത്തല: വീടും പരിസരവുമാകെ വെള്ളത്തിലായതിനാല്‍, കര്‍ഷകത്തൊഴിലാളിയുടെ മൃതദേഹം, റോഡില്‍ ഡസ്‌കിട്ട് കിടത്തി മരണാനന്തര ചടങ്ങുകള്‍ നടത്തി. തുടര്‍ന്ന് അയല്‍പക്കത്തെ മറ്റൊരാളുടെ പുരയിടത്തില്‍ ശവസംസ്‌ക്കാരവും നടത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കുറുപ്പന്‍കുളങ്ങര അംബേദ്കര്‍ ഗ്രാമത്തിലെ പുതുവല്‍ നികര്‍ത്തില്‍ ചെല്ലപ്പന്റെ (70) മരണാനന്തര ചടങ്ങുകളാണ് റോഡില്‍ നടത്തേണ്ടി വന്നത്.
ഏതാനും ദിവസങ്ങളായി കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചെല്ലപ്പന്‍ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ചെല്ലപ്പന്റെ വീടും പരിസരവുമാകെ വന്‍ വെള്ളക്കെട്ടിലായിരുന്നു. വീടിന് അല്‍പ്പം അകലെയുള്ള സ്ഥലത്തിന്റെ ഉടമ, അവിടെ ശവസംസ്‌ക്കാരം നടത്താന്‍ അനുമതി നല്‍കി. എന്നാല്‍ ഈ സ്ഥലത്തിന്റെ ചുറ്റും വെള്ളമുണ്ടായിരുന്നതിനാലാണ്, ശവസംസക്കാരത്തിന് മുന്‍പുള്ള ചടങ്ങുകളെല്ലാം റോഡില്‍ വച്ച് നടത്തിയത്. കുറുപ്പംകുളങ്ങര കണ്ണികാട്ട് അംബേദ്കര്‍ റോഡിലായിരുന്നു ചടങ്ങുകള്‍.
ഈ മേഖലയില്‍ ആകെ ഏതാണ്ട് ഒരു മാസത്തോളമായി വെള്ളക്കെട്ടാണ്. പധാന തണ്ണീര്‍ത്തടമായ കരിപ്പേല്‍ ചാലിലെ നീരൊഴുക്ക് നിലച്ചതാണ് ഈ പ്രദേശത്തെ വെള്ളക്കെട്ടിന് മുഖ്യകാരണം. അംബേദ്കര്‍ ഗ്രാമത്തില്‍ ഇപ്പോഴും ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തില്‍ പൊതുശ്മശാനമില്ലാത്തതും ഗ്രാമവാസികളെ വലയ്‌ക്കുന്നു. ചെല്ലപ്പന്റെ ഭാര്യ: സുഭദ്ര. മക്കള്‍: മുരളി, ഉഷ, ബിന്ദു. മരുമക്കള്‍: ബിന്ദു, മധു, അനി.
















