ചെന്നൈ: തന്റെ ശാരീരിക കുറവുകളെ പരിഹസിച്ചതിനാണ് ഇൻഫോസിസ് ജോലിക്കാരി സ്വാതിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതി രാം കുമാർ. ഏറെ നാൾ താനും സ്വാതിയും തമ്മിൽ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ചങ്ങാത്തം കൂടിയിരുന്നതായും പ്രതി പോലീസിനോട് വെളിപ്പെടുത്തിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിൽ കണ്ടു മുട്ടിയ ഇരുവരും താമസിയാതെ ഫോൺ നമ്പർ പരസ്പരം കൈമാറ്റം ചെയ്തിരുന്നു. സ്വാതിയുമായി ഏറെ സൗഹൃദം കൂടാൻ രാം കുമാർ ശ്രമിച്ചെങ്കിലും സ്വാതി ഇയാളെ അവഗണിക്കുകയായിരുന്നു. ഒരിക്കൽ സ്വാതി രാം കുമാറിന്റെ ശാരീരിക അവസ്ഥയെ പരമാവധി പരിഹസിച്ചിരുന്നു. ഇതിൽ ഇയാൾക്ക് കടുത്ത ദേഷ്യം സ്വാതിയോട് തോന്നിയിരുന്നു. ഇതിന് പ്രതികാരമെന്നോണം സ്വാതിയെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.
തുടർന്ന് നുങ്കംപാക്കം റെയിൽവെ പ്ലാറ്റ് ഫോമിൽ വച്ച് രാം കുമാർ സ്വാതിയെ ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ആഴത്തിൽ വെട്ടേറ്റ പെൺകുട്ടി പിടഞ്ഞു മരിക്കുകയും ചെയ്തു. കൊലപാതകത്തിനു ശേഷം സംഭവ സ്ഥലത്തു നിന്നും മുങ്ങിയ ഇയാളെ തെങ്കാശിയിലെ മീനാക്ഷിപുരം ഗ്രാമത്തിലെ വീട്ടിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
പോലീസ് എത്തിയ സമയം കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാനും ഇയാൾ ശ്രമിച്ചു. ആശുപത്രിയിൽ എത്തിച്ച രാം കുമാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും, ശേഷം ചെന്നൈ എഗ്‌മോർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
















