ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ 20 വിദേശികളെ ബന്ദിയാക്കി കഴുത്തറുത്ത് കൊന്നത് പാക്കിസ്ഥാന്റെ സഹായത്തോടെ ഐഎസ്‌ഐയാണെന്ന് ബംഗ്ലാദേശ്. പാക്കിസ്ഥാനെ പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സാമന്‍ ഖാന്‍, ഐ ആന്‍ഡ് ബി മന്ത്രി ഹസ്സന്‍ ഉള്‍ ഖക്ക് എന്നിവര്‍ പ്രസ്താവന നടത്തി. യുഎന്‍ സുരക്ഷാ സമിതി ധാക്ക ഭീകരാക്രമണത്തെ അപലപിച്ചു.
സമിതി അംഗീകരിച്ച ഭീകരപ്രവര്‍ത്തന വിരുദ്ധ പ്രമേയങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരരേയും സഹായിയ്‌ക്കുന്നവരേയും കര്‍ശനമായി ശിക്ഷിയ്‌ക്കണമെന്ന് യുഎന്‍ പ്രസ്താവന ആവശ്യപ്പെട്ടു. ബംഗ്ലാദേശ് നടത്തുന്ന ഭീകര വിരുദ്ധ പരിശ്രമങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് ഭാരതം ഉറപ്പു നല്‍കി.
ജപ്പാന്‍ വിദേശകാര്യ മന്ത്രി സീജി കിഹാര ഇന്നലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കണ്ട് ചര്‍ച്ച നടത്തി. ലോകരാജ്യങ്ങളുടെ തലവന്മാരുമായി ഹസീന സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഫോണില്‍ ചര്‍ച്ച നടത്തി.
രാജ്യം കണ്ട ഏറ്റവും ഭീകരമായ ആക്രമണത്തില്‍ പാക് ഭീകര സംഘടനയായ ഐഎസ്‌ഐയും അവരുടെ ബംഗ്ലാദേശിലെ സഹായികളായ ജമാത്ത് ഉല്‍ മുജാഹുദീനും ആണെന്ന് ബംഗ്ലാദേശ് വാര്‍ത്താ വിതരണ വകുപ്പു മന്ത്രി ഹസ്സന്‍ ഉള്‍ ഹഖ് വിശദീകരിച്ചു. പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീനയെ അധികാരത്തില്‍ നിന്നിറക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണെന്ന് പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ഉപദേശകന്‍ ഹുസൈന്‍ ത്വഫീക്ക് ഇമാം പറഞ്ഞു.
രാജ്യത്തെ ജനതയുടെ സ്ഥിതി ഇന്ന് അപകടകരമാണെന്ന് പ്രധാനമന്ത്രി ഹസീന പത്രസമ്മേളനത്തില്‍ പറഞ്ഞു. അധികാരത്തില്‍ ആരാണെന്നോ, എത്രകാലമെന്നോ അല്ല പ്രശ്‌നം, രാജ്യത്തിന്റെ സുരക്ഷയാണ്. എല്ലാവരും ഒന്നിച്ചു നില്‍ക്കണം, പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ധാക്കയിലെ ആക്രമണത്തിന് പിന്നില്‍ അന്താരാഷ്‌ട്ര ഭീകരസംഘടനകള്‍ക്കൊന്നും പങ്കില്ലെന്ന് ബംഗ്ലാദേശ് അധികൃതര്‍ വിവരിയ്‌ക്കുന്നു. ഐഎസ്‌ഐയുമായി അടുത്തബന്ധം പുലര്‍ത്തുന്ന പ്രാദേശിക ഭീകരവാദ സംഘടനയായ ജമാത്ത് ഉല്‍ മുജാഹിദീന്‍ എന്ന സംഘടനയാണ് ആക്രമണം നടത്തിയത്. ഐഎസ്, അല്‍ഖ്വയ്ദ ഭീകര സംഘടനകള്‍ രാജ്യത്തില്ലെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
അതിനിടെ അക്രമികളില്‍ മൂന്നുപേരെ ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പം പഠിച്ചിരുന്നു വിദ്യാര്‍ത്ഥിയാണ് അവരില്‍ ഒരാളെന്നും ഇയാള്‍ പരീക്ഷ എഴുതാതെ എങ്ങോ അപ്രത്യക്ഷനായിരുന്നുവെന്നും പോലീസ് പുറത്തുവിട്ട ചിത്രം തിരിച്ചറിഞ്ഞ് സഹപാഠി അറിയിച്ചു.
ബംഗ്ലാദേശില്‍ ഇപ്പോള്‍ നടക്കുന്നത് ഹിന്ദുക്കള്‍ക്കെതിരേയുള്ള ആക്രമണം മാത്രമല്ല, സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നടത്തുന്നതാണ് ഈ ആക്രമണങ്ങളെന്ന് ബംഗ്ലാദേശ് ഐ ആന്‍ഡ് ബി മന്ത്രി ഹസ്സന്‍ ഉള്‍ ഹഖ് പറഞ്ഞു. ഭാരതവുമായി ബംഗ്ലാദേശ് നല്ല ബന്ധത്തിലാണ്. ഷേഖ് ഹസീന സര്‍ക്കാരുമായി ശത്രുതയിലായ ഐഎസ്‌ഐ ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി ഭീകര പ്രവര്‍ത്തകരുടെ സഹായത്തോടെ രാജ്യത്തെ അരക്ഷിതമാക്കാന്‍ ശ്രമിയ്‌ക്കുകയാണ്, ഹഖ് പറഞ്ഞു.
കൂടുതല്‍ ഒറ്റപ്പെടുന്നു
ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. ധാക്കയില്‍ ഒമ്പത് ഇറ്റലിക്കാരെയും ഏഴ് ജപ്പാന്‍ സ്വദേശികളേയും ഒരു ഭാരതീയ വനിതയേയും ഉള്‍പ്പെടെ 20 പേരെ കഴുത്തറുത്തു കൊന്ന സംഭവത്തെ ലോക രാജ്യങ്ങള്‍ അപലപിയ്‌ക്കുകയാണ്.
ഈ ഹീന കൃത്യത്തിന് ഐഎസ് ഭീകരരെയാണ് ബ്രിട്ടണും മറ്റു രാജ്യങ്ങളും കുറ്റപ്പെടുത്തിയതെങ്കിലും ലഭ്യമായ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ഐഎസ്‌ഐയാണ് ആക്രമികളെന്നും പാക്കിസ്ഥാനാണ് അവര്‍ക്ക് സഹായം നല്‍കുന്നതെന്നും ബംഗ്ലാദേശ് വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ പുതിയ വഴിത്തിരിവിലാവുകയാണ്.
അയല്‍ രാജ്യത്ത് ഭീകരത വളര്‍ത്തുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്ന പാക്കിസ്ഥാനെതിരേയുള്ള ഭാരതത്തിന്റെ ആരോപണം ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശ് കൂടി ആവര്‍ത്തിച്ചതോടെ പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര വേദിയില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും.
വേദന താങ്ങാവുന്നതിനപ്പുറം; മോദി
‘വാക്കുകള്‍ കൊണ്ടു പറയാവുന്നതിനപ്പുറത്തെ വേദന’ എന്നായിരുന്നു ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ദു:ഖത്തിന്റെ ഈ വേളയില്‍ ഭാരതം ബംഗ്ലാദേശിലെ സഹോദരീ സഹോദരന്മാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം ബംഗ്ലാ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അറിയിച്ചു.
















