തിരുനെല്‍വേലി: ഇന്‍ഫോസിസ് ജീവനക്കാരി റെയില്‍വേസ്‌റ്റേഷനില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് കനത്ത സുരക്ഷയില്‍ ആംബുലന്‍സിസല്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇയാളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം രാത്രിയില്‍ അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി ഇയാള്‍ കഴുത്തറുത്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. ഇയാളുടെ വീട് പോലീസ് വളഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് പോലീസ് ഇയാളെ ആശുപത്രിയിലാക്കി.
പ്രത്യേക അന്വേഷണസംഘം തലവനും നുങ്കംപാക്കം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.പി.എസ്.ദേവരാജ്, ആംഡ് റിസര്‍വ് പോലീസുകാരും വൈദ്യസംഘവും ഇയാളെ ആംബുലന്‍സില്‍ അനുഗമിക്കുന്നുണ്ട്. നേരത്തെ പ്രതി രാംകുമാറിനെ തിരുനെല്‍വേലി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാംദോസ് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കോടതിയില്‍
ഇയാളെ ഹാജരാക്കാന്‍ ബുദ്ധിമുട്ടുളളതിനാലാണ് ജഡ്ജി ആശുപത്രിയിലെത്തിയത്.
കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ജഡ്ജി പോലീസുകാരുടെയും വൈദ്യസംഘത്തിന്റെയും നേതൃത്വത്തില്‍ ഇയാളെ ചെന്നൈ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാം കുമാര്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഉടന്‍ തന്നെ പോലീസ് ഇയാളെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പിന്നീട് ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ജൂണ്‍ 24നാണ് 24കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ ഇയാള്‍ റെയില്‍വേസ്‌റ്റേഷനില്‍ വച്ച് വെട്ടിക്കൊല്ലപ്പെടുത്തിയത്. രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. നഗരത്തിലേക്ക് ജോലിയ്‌ക്ക് പോകാനായി നുങ്കംപാക്കം റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണകാരണമെന്നാണ് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുളളത്.
















