അദിലാബാദ്: വിവാഹ അഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് പട്ടാപ്പകൽ റോഡിൽ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തി. ആൻഡ്രപ്രദേശിലെ അദിലാബാദ് ജില്ലയിലെ ബൈൻസാ പ്രദേശത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 16കാരിയായ സന്ധ്യയാണ് മുകേഷിന്റെ കൊലക്കത്തിക്ക് ഇരയായത്.
കോളെജ് വിദ്യാർത്ഥിയായ മുകേഷ് സന്ധ്യയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. ഒന്നരവർഷമായി ഇയാൾ സന്ധ്യയോട് പ്രണയാഭ്യർത്ഥനയുമായി പുറകെ നടന്നിരുന്നു. എന്നാൽ അച്ഛനില്ലാതെ വളർന്നിരുന്ന സന്ധ്യ വിദ്യാഭ്യാസത്തിന് മുൻ തൂക്കം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം കടയിൽ സാധനം വാങ്ങി തിരികെ വരുകയായിരുന്ന സന്ധ്യയെ ഇയാൾ തടഞ്ഞ് നിർത്തുകയും തന്നെ വിവാഹം ചെയ്യണമെന്ന് നിർബന്ധിക്കുകയും ചെയ്തു.
ഈ ആവശ്യത്തെ നിരാകരിച്ച സന്ധ്യയെ ഇയാൾ കീഴ്പ്പെടുത്തുകയും കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപ വാസികൾ ഓടിയെത്തിയെങ്കിലും മുകേഷ് കടന്നു കളഞ്ഞു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴ്പ്പെട്ടു.
പോലീസ് മുകേഷിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ചെന്നൈയിൽ സമാന രീതിയിൽ യുവതിയെ റെയിൽവെ പ്ലാറ്റ്ഫോമിൽ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അദിലാബാദിലും ആക്രമണം അരങ്ങേറിയത്.
















