ബംഗ്ലാദേശ്: ബംഗ്ലാദേശിലെ നയതത്ര മേഖലയിലെ ഹോട്ടലിൽ ബന്ദികളാക്കിയവരെ ഐഎസ് ഭീകരര്‍ വധിച്ചു. മരിച്ചവരെല്ലാം വിദേശികളാണ്. ഇതില്‍ ഒരു ഇന്ത്യാക്കാരിയും ഉള്‍പ്പെടുന്നു. ധാക്കയില്‍ വിദ്യാര്‍ഥിയായ താരിഷിയാണ് (19) കൊല്ലപ്പെട്ടത്.
അമേരിക്കന്‍ സ്‌കൂളില്‍നിന്നും പഠിച്ചിറങ്ങിയ താരിഷി ബെര്‍ക്കലി കോളജിലെ ബിഎ എക്കണോമിക്‌സ് വിദ്യാര്‍ഥിനിയാണ്. താരിഷിയുടെ പിതാവ് ധാക്കയിലെ വസ്ത്രവ്യാപാരിയാണ്. മൂര്‍ച്ചയുളള ആയുധങ്ങള്‍ ഉപയോഗിച്ച് അതിക്രൂരമായാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് ആര്‍മി ബ്രിഗേഡിയര്‍ ജനറല്‍ നയിം അഷ്‌റഫ് ചൗധരി പറഞ്ഞു.
സൈന്യം നടത്തിയ പരിശോധനയിൽ അഞ്ച് ഭീകരരെ വധിച്ചു. ഇതിനു പുറമെ രണ്ട് ഭീകരരെ ജീവനോടെ പിടികൂടിയെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ബംഗ്ലാദേശിലെ സ്പെഷ്യൽ കമാൻഡോകൾ ഹോട്ടലിനുള്ളിൽ കയറി ഭീകരരെ നേരിടുകയായിരുന്നു.
ഹോട്ടലിനു പുറത്ത് ആമ്പുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും സൈന്യം വിന്യസിച്ചിരുന്നു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗുല്‍ഷന്‍ മേഖലയിലാണ് എട്ടംഗ സായുധ ഭീകരസംഘം ആക്രമണം നടത്തിയത്. ഹോലെ ആര്‍ട്ടിസാന്‍ ബേക്കറി എന്ന റസ്റ്റാറന്‍റില്‍ ഇരച്ചുകയറിയ ആക്രമികള്‍ ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.
ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 28 പേർക്ക് ഗുരുതരമായി പരിക്കുമേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് ഇറ്റാലിയൻ നയതത്ര ഉദ്യോഗസ്ഥരുമുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. അതേ സമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. 20 പേരെ വധിക്കാൻ സാധിച്ചെന്ന് ഐഎസ് ഭീകരർ അവകാശപ്പെട്ടു.
















