കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്‍ കീ ബാത്’ കേള്‍ക്കാന്‍ ബംഗ്ലാദേശി ആരാധകര്‍ക്കും അവസരമൊരുങ്ങുന്നു. ബംഗാളി ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്താണ് ‘മന്‍ കീ ബാത്’ അതിര്‍ത്തി കടക്കുന്നത്.
മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്’ വിദേശ ശ്രോതാക്കളുടെ ചെവികളിലേക്കെത്തുന്നത് ഇതാദ്യമായാണ്. അതും അവരുടെ തനത് ഭാഷയില്‍. ബംഗ്ലാഭാഷയില്‍ തുടങ്ങാനിരിക്കുന്ന ആകാശവാണിയുടെ സര്‍വ്വീസ് ചാനലായ ആകാശവാണി മൈത്രിയിലൂടെയായിരിക്കും പരിപാടി സംപ്രേഷണം ചെയ്യുക.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിന്റെ ഇഴയടുപ്പിക്കലാണ് ഈയൊരു ദൗത്യത്തിന്റെ ലക്ഷ്യം. ബംഗ്ലാ ശ്രോതാക്കളുടെ പ്രതികരണങ്ങള്‍ സ്വീകരിക്കുന്നതിനും വോയ്‌സ് മെസേജ് അയക്കുന്നതിനും സംവിധാനമുണ്ടായിരിക്കും. മോദിയ്‌ക്ക് ബംഗ്ലാദേശില്‍ മാത്രമല്ല പാക്കിസ്ഥാനിലുമുണ്ട് നിരവധി ആരാധകര്‍.
















