ന്യൂദല്‍ഹി: പാരീസിലും ബ്രസല്‍സിലും ചാവേറാക്രമണങ്ങള്‍ക്ക് ഐഎസ് ഭീകരര്‍ ഉപയോഗിച്ച വന്‍വിനാശകാരിയായ സ്‌ഫോടക വസ്തു ഹൈദരാബാദില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ച് ഐഎസ് ഭീകരരില്‍ ഒരാളായ അബ്ദുള്ള ബിന്‍ അഹമ്മദ് അമൂദി(ഫഹദ്)യുടെ വീടിന്റെ താഴത്തെ നിലയിലാണ് ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡ് കണ്ടെത്തിയത്.
ഭാരതത്തില്‍ ഇതാദ്യമായാണ് ഇത് ഭീകരരില്‍ നിന്ന് പിടിച്ചെടുക്കുന്നത്. ഇത് അവര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇതുപയോഗിച്ച് രാജ്യത്തു നടക്കുന്ന ആദ്യ ഭീകരാക്രമണമാകുമായിരുന്നുവെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് ദേശീയ അന്വേഷണ ഏജന്‍സി ഐഎസ് ബന്ധമുള്ള അഞ്ചു പേരെ അറസ്റ്റ് ചെയ്തതും ആറു പേരെ കസ്റ്റഡിയില്‍ എടുത്തതും. ഇവര്‍ വിവിഐപികളെ വധിക്കാനും വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിടാനും പദ്ധതി തയ്യാറാക്കിയിരുന്നു.
മൊഹമ്മദ് ഇബ്രാഹിം യസ്ദാനിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം ഹൈദരാബാദ് പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനാണ് പരിപാടിയിട്ടിരുന്നത്. ചാവേറാക്രമണത്തിനായിരുന്നു പദ്ധതിയെന്നും എന്‍ഐഎ സംശയിക്കുന്നു.
സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഷാഫി ആര്‍മറിന്റെ സഹായത്തോടെയാണ് ഇവര്‍ വന്‍തോതില്‍ അസറ്റോണും ഹൈഡ്രജന്‍ പെറോക്‌സൈഡും സള്‍ഫ്യൂറിക് ആസിഡും സംഘടിപ്പിച്ചത്. ഇവയാണ് ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡിന്റെ അടിസ്ഥാന ഘടകങ്ങള്‍. ചെകുത്താന്റെ മാതാവ് എന്നാണത്രേ ഈ സ്‌ഫോടകവസ്തുവിനെ വിളിക്കുന്നത്.
വളരെ എളുപ്പം ലഭിക്കുന്ന ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേകം സജ്ജമാക്കിയ, ലാബില്‍ ഇതുണ്ടാക്കാം. അല്‍ ഖ്വയ്ദയും ഐഎസും വ്യാപകമായി ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണിത്. ഇസ്രായേലിലെ ചാവേറുകള്‍ ഉപയോഗിച്ചിരുന്ന ഇവ സുരക്ഷാസേനയ്‌ക്ക് വലിയ തലവേദനയാണ്. ഇത് കണ്ടെത്താന്‍ എളുപ്പമല്ലെന്നതുതന്നെയാണ് കാരണം. ഡിറ്റണേറ്റര്‍ ഇല്ലാതെ തന്നെ ഇവ ഉപയോഗിച്ച് സ്‌ഫോടനം സംഘടിപ്പിക്കാം. പരമ്പരാഗത രീതിയിലുള്ള പരിശോധനകളില്‍ ഇത് കണ്ടെത്താനും സാധിക്കില്ല.
ഭീകരന്റെ വസതി റെയ്ഡ് ചെയ്തപ്പോള്‍ 200 ലിറ്റര്‍ അസറ്റോണും ഹൈഡ്രജന്‍ പെറോക്‌സൈഡ്, സള്‍ഫ്യൂറിക് ആസിഡ് എന്നിവയുമാണ് കണ്ടെത്തിയത്. ഇവ 50ബോംബുകള്‍ വരെ ഉണ്ടാക്കാന്‍ പര്യാപ്തമാണ്.
ഹൈദരാബാദില്‍ തെരക്കേറിയ വൈകിട്ട് അഞ്ചിനും ഏഴിനുമിടയില്‍ വന്‍ ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഐഎസിന്റെ ഭാരതത്തിലെ മേധാവിയാണ് ഷാഫി ആര്‍മറെന്നും കരുതപ്പെടുന്നു. ഇവരെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ബുധനാഴ്ച ഹൈദരാബാദ് കത്തിയമര്‍ന്നേനെ.
















