മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്തെക്കുറിച്ച് മനുഷ്യന് ചിന്തിക്കാനാവില്ല. കാരണം അത്രമാത്രം അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ പ്രശ്നങ്ങളും ചെറുതല്ല. എന്നാല്‍ അഞ്ചാം തലമുറ 5ജി മനുഷ്യന് യാതൊരുവിധത്തിലുള്ള ദോഷവും ഉണ്ടാക്കരുതെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഭാരതവും ന്യൂസിലന്‍ഡും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച വിഷയത്തിലെ സാധ്യതകളെ ഗവേഷണം ചെയ്യുകയാണ് ഇരു രാജ്യങ്ങളും.
ഭാരതത്തിന്റെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ഓക്‌ലന്‍ഡ് സര്‍വ്വകലാശാലയും ന്യൂസിലന്‍ഡിന്റെ മാസി സര്‍വ്വകലാശാലയും സംയുക്തമായാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ അഞ്ചാം തലമുറയ്‌ക്ക് തുടക്കമാകുമ്പോള്‍ അത് മനുഷ്യരാശിയുടെ നാശത്തിന് വഴിവയ്‌ക്കരുതെന്ന ചിന്തയാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളത്.
മൊബൈല്‍ ഫോണുകളില്‍ നിന്നുണ്ടാകുന്ന ഇലക്ട്രോ മാഗ്നെറ്റിക്ക് വികരണങ്ങള്‍ മനുഷ്യര്‍ക്ക് ഹാനികരമാണ്. ഇത് മനുഷ്യശരീരത്തില്‍ ജൈവപരമായ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മൊബൈല്‍ ഫോണുകളിലും ടവറുകളില്‍ നിന്നുമുള്ള റേഡിയേഷന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മനുഷ്യനുണ്ടാക്കുന്നു. ഉറക്കക്കുറവ്, ദഹനക്കുറവ്, ഓര്‍മക്കുറവ് എന്നിവയൊക്കെ ഈ റേഡിയേഷന്‍ മൂലം ഉണ്ടാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നഗരങ്ങളില്‍ നിന്ന് പക്ഷികളും ചെറുപ്രാണികളും ചിത്രശലഭങ്ങളും മറ്റും അപ്രത്യക്ഷമാകുന്നതുള്‍പ്പടെയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും ഈ റേഡിയേഷന്‍ കാരണമാകുന്നുണ്ട്.
എന്നാല്‍ ഇതിന്റെ ദുഷ്യവശങ്ങളൊന്നും തന്നെ അഞ്ചാം തലമുറയിലൂടെ ഉണ്ടാകരുത്. അത് മനസ്സിലാക്കി ‘Analysing Harmful Electromagnetic Exposure due to Future Millimeter Wave Transmissions’ എന്ന പ്രോജക്റ്റിലാണ് ഗവേഷണം. ഭാവിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ ഉപഭോക്താക്കള്‍ക്ക് ഗവേഷണം അത്മവിശ്വാസം പകരും.
















