തൊടുപുഴ: പതിനൊന്ന്കാരിയെ പീഡിപ്പിച്ച സിഐറ്റിയു തൊഴിലാളി പോലീസ് പിടിയില്‍. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അഞ്ചിരി പാലപ്പിള്ളില്‍ തോമസി (48)നെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്‌കൂളില്‍ കൗണ്‍സിലിങ്ങിനെത്തിയവരോട് കുട്ടി വിവരം പറഞ്ഞു തുടര്‍ന്നാണ് സംഭവം തൊടുപുഴ പോലീസില്‍ അറിയിച്ചത്.
സംഭവത്തില്‍ മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികളെയും ഇയാള്‍ ശാരീരകമായി ദുരുപയോഗം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നത് കോളജ് വിദ്യാര്‍ത്ഥിനിയായ തോമസിന്റെ മകളായിരുന്നു. ഒരു ദിവസം മകള്‍ വീട്ടിലില്ലാത്ത സമയത്ത് കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് തോമസ് കുട്ടികളെ ദുരുപയോഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. കൂടെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് 10, 12 വയസ് മാത്രമെയുള്ളു. എന്നാല്‍ ഈ കുട്ടികള്‍ ഇത്തരത്തിലൊരു പരാതിയും നല്‍കിയിട്ടില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൗണ്‍സിലിങ് നടത്തിയവര്‍ തൊടുപുഴ പോലീസില്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് തോമസിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ കുട്ടിയുടെ മാതാപിതാക്കളുടെ മേല്‍ സമ്മര്‍ദം ശക്തമായതായും സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചു. പ്രതി തടിപ്പണിക്കാരനാണ്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















