ന്യൂദല്‍ഹി: ദല്‍ഹി ഡൈനാമോസ് പരിശീലകനായി വിഖ്യാത ഇറ്റാലിയന്‍ പ്രതിരോധനിര താരം ജിയാന്‍ലൂക്ക സംബ്രോട്ട എത്തുന്നു. കഴിഞ്ഞ സീസണില്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന റോബര്‍ട്ടോ കാര്‍ലോസിന് പകരക്കാരനായാണ് 39കാരനായ സംബ്രോട്ട ടീമിനൊപ്പം ചേരുന്നത്.
2006ലെ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമിന്റെ കരുത്തനായ ഫുള്‍ ബാക്കായിരുന്നു സംബ്രോട്ട. സ്വിസ് ഫുട്‌ബോള്‍ ക്ലബ് ചിയാസ്സോയുടെ പരിശീലക സ്ഥാനത്തുനിന്നാണ് സംബ്രോട്ട ദല്‍ഹിയിലേക്ക് എത്തുന്നത്. നാല് മാസത്തെ കരാറാണ് താരവുമായി ക്ലബ് ഒപ്പുവെച്ചതെന്ന് ഒരു ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
1999 മുതല്‍ 2010 വരെ ഇറ്റാലിയന്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന സംബ്രോട്ട 98 മത്സരങ്ങളില്‍ ദേശീയ ജേഴ്‌സിയണിഞ്ഞു. ജുവന്റസ്, ബാഴ്‌സലോണ, എസി മിലാന്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി 500ലേറെ മത്സരങ്ങള്‍ കളിച്ച അനുഭവസമ്പത്തും സംബ്രോട്ടക്ക് സ്വന്തം. 2014-ല്‍ ചിയാസോയില്‍ കളിക്കുമ്പോഴാണ് സംബ്രോട്ട ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നത്.
















