കൊല്‍ക്കത്ത: ഐഎസ്എല്‍ കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തയിലേക്ക് രണ്ട് സ്പാനിഷ് താരങ്ങള്‍ കൂടി. ഗോള്‍ കീപ്പര്‍ ഡാനിയേല്‍ മല്ലോ കാസ്‌ട്രോയും സെന്റര്‍ ബാക്ക് താരം പാബ്ലോ ജോസെ ഗല്ലാര്‍ഡോയെയുമാണ് ടീം സ്വന്തമാക്കിയത്.
സ്പാനിഷ് അണ്ടര്‍ 19 ടീമിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച താരമാണ് 30കാരനായ ഗല്ലാര്‍ഡോ. നിലവില്‍ ഹോങ്കോങ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ഡ്രീംസ് മെട്രോ ഗാലറി എഫ്‌സിയില്‍ നിന്നാണ് താരത്തെ അത്‌ലറ്റികോ സ്വന്തമാക്കിയത്. നേരത്തെ സെവിയ ബി ടീമിനുവേണ്ടിയും റിക്രിയേറ്റീവോ, അലാവെസ്, ബഡലോണ, ബുര്‍ഗോസ് ടീമുകള്‍ക്കുവേണ്ടിയും ഗല്ലാര്‍ഡോ കളിച്ചിട്ടുണ്ട്. താരത്തിന്റെ വരവ് പ്രതിരോധനിരക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന വിശ്വാസത്തിലാണ് ക്ലബ് അധികൃതര്‍.
സ്പാനിഷ് അണ്ടര്‍ 18, 21 ടീമുകള്‍ക്ക് വേണ്ടി കളിച്ച താരമാണ് 37 കാരനായ ഡാനിയേല്‍ മല്ലോ. ഡിപോര്‍ട്ടീവോ ലാ കൊരൂണ, എല്‍ച്ചെ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും ഗോള്‍വലയം കാത്ത പരിചയസമ്പത്തുമായാണ് ഡാനിയേല്‍ മല്ലോ കൊല്‍ക്കത്തയിലേക്ക് എത്തുന്നത്.
















