ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ന്യൂ സീമാപുരിയിലുള്ള മെഹബൂബിന്റെ വീട്ടില്‍ ഇത്തവണ ഈദ് ആഘോഷങ്ങള്‍ക്ക് മോടിയേറും. ഏഴുവര്‍ഷം മുമ്പ് നഷ്ടമായ മകന്‍ സോനുവിനെ തിരിച്ചു കിട്ടിയതിന്റെ ആഹ്‌ളാദത്തിലാണ് മെഹബൂബിന്റെ കുടുംബം.
ദല്‍ഹിയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടു കിട്ടിയത് അങ്ങ് ദൂരെ ബംഗ്ലാദേശില്‍ നിന്ന്. വിദേശകാര്യ മന്ത്രാലയം ഇടപെട്ടതോടെ സോനു കഴിഞ്ഞ ദിവസം സീമാപുരിയിലെ വീട്ടില്‍ തിരിച്ചെത്തി.
സോനുവിന് പ്രായം ഇപ്പോള്‍ 13. സോനുവിന്റെ വീട്ടില്‍ വാടകക്കാരിയായിരുന്ന സ്ത്രീയാണ് 2009 ല്‍ സോനുവിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായപ്പോള്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും തെളിവുകളൊന്നും ഹാജരാക്കാന്‍ പറ്റിയിരുന്നില്ല. വാടകക്കാരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.
അതിശയകരമായിരുന്നു സോനുവിന്റെ മടങ്ങി വരവ്. ഇതിന് നിമിത്തമായത് ബംഗ്ലാദേശില്‍ മെക്കാനിക്കായ ജമാല്‍ മൂസ്സ. ധാക്കയിലെ ഒരു ഗ്രാമത്തില്‍ സോനുവിനെക്കൊണ്ട് ഒരു സ്ത്രീ നിര്‍ദ്ദയം ജോലി ചെയ്യിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മൂസ കുട്ടിയോട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുവന്നതാണെന്ന് അറിയുന്നത്. ഉടനെ അധികൃതരെ വിവരമറിയിക്കുകയും ഭാരതത്തിലേക്ക് പുറപ്പെടുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയ ശേഷം അവരോടൊപ്പം ഒൗദ്യോഗിക നടപടികളെല്ലാം പൂര്‍ത്തിയാക്കി സോനുവിനെ നാട്ടിലെത്തിക്കുകയായിരുന്നു. സോനുവിന്റെ ഡിഎന്‍എ ടെസ്റ്റ് അമ്മ മാധുരിയുമായി ചേര്‍ച്ചയുണ്ടെന്ന് കണ്ടതോടെ ഒത്തുചേരലിന് ശാസ്ത്രീയ തെളിവുകളും ലഭിച്ചു.
സോനുവിന് അവന്റെ കുടുംബത്തെ തിരിക കിട്ടിയതില്‍ സന്തേഷമുണ്ടെന്ന് മൂസ്സ പ്രതികരിച്ചു. സോനുവിനെ നാട്ടിലെത്തിക്കുന്നതില്‍ സഹായിച്ച എല്ലാവര്‍ക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നന്ദി അര്‍പ്പിച്ചു ട്വിറ്റര്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. സോനുവും മാതാപിതാക്കളും സുഷമയെ കണ്ട് നന്ദിയറിയിച്ചു.
















