സിഡ്‌നി: ലോക ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം ജാസണ്‍ ഡേ ആഗസ്റ്റില്‍ നടക്കുന്ന റിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി. സിക്ക വൈറസ് ഭീതിയെത്തുടര്‍ന്നാണ് ഡേയുടെ പിന്മാറ്റം.‘
‘സിക്കി വൈറസ് ഭീഷണിയുള്ളതിനാല്‍ ഒളിമ്പിക്‌സില്‍ നിന്ന് ഞാന്‍ പിന്മാറുകയാണ്. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും തീരുമാനം കൂടി ഇതിന്റെ പിറകിലുണ്ട്. രാജ്യത്തിനുവേണ്ടി മത്സരിക്കുകയെന്നത് വലിയ കാര്യമാണ്. എന്നാല്‍ കുടുംബത്തിന്റെ സുരക്ഷിതത്വത്തിനാണ് മുന്‍ഗണന’, ജാസണ്‍ ഡേ പറഞ്ഞു.
കഴിഞ്ഞ ദിവസം ഐറിഷ് ഗോള്‍ഫറും ലോക 25-ാം നമ്പറുമായ ഷെയ്ന്‍ ലൗറിയും സിക്ക വൈറസ് ഭീതിയെ തുടര്‍ന്ന് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയിരുന്നു. ആറ് താരങ്ങളാണ് ഇതുവരെ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയിട്ടുള്ളത്. മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ഗ്രെയിം മക്‌ഡോവല്‍, റോറി മക്‌ലോറി, വിജയ് സിങ്, ബ്രെഡന്‍ ഗ്രേസ് എന്നിവരാണ് പിന്മാറിയ മറ്റ് ഗോള്‍ഫ് താരങ്ങള്‍.
1904നു ശേഷം ആദ്യമായാണ് ഗോള്‍ഫ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നത്. സിക്ക വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ബ്രസീലിലെ ഒളിമ്പിക്‌സ് മാറ്റിവെക്കണമെന്ന് പല സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി അതിന് തയ്യാറായിരുന്നില്ല.
















