കുട്ടനാട്: രാജ്യാന്തര നിലവാരത്തില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ച ആലപ്പുഴ- ചങ്ങനാശേരി റോഡിലെ യാത്ര ദുരിതമായി. റോഡില്‍ പലഭാഗങ്ങളിലും വന്‍ കുഴികള്‍ രൂപപ്പെട്ടുകഴിഞ്ഞു. വഴിവിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ രാത്രികാല യാത്ര അപകടങ്ങള്‍ക്കിടയാക്കുന്നു.
മഴതുടങ്ങിയപ്പോള്‍ത്തന്നെ പലഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ടിരുന്നു. അടുത്തകാലത്തായി കുഴികള്‍ വലുതായി. ഇതോടെ ഇരുചക്രവാങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി മാറി. ചില ഭാഗങ്ങളില്‍ നാട്ടുകാര്‍ കുഴിയില്‍ വാഴനട്ടും മറ്റും അപകടമുന്നറിയിപ്പ് നല്‍കുന്നുണ്ട്. 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡില്‍ പ്രധാന ജങ്ഷനുകളിലൊഴികെ മറ്റെങ്ങും വഴിവിളക്കുകളില്ല. ഇത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും റോഡുമുറിച്ചുകടക്കുന്നവരും വെളിച്ചമില്ലാത്തതിനാല്‍ അപകടത്തില്‍പ്പെടുന്നു.
എസി റോഡില്‍ മൂന്നു വലിയ പാലങ്ങളും നിരവധി ചെറിയ പാലങ്ങളുമുണ്ട്. പല പാലങ്ങള്‍ക്കും റോഡിനേക്കാള്‍ വീതി കുറവാണ്. ഇതറിയാതെ വാഹനങ്ങള്‍ പാടശേഖരങ്ങളിലേക്കും തോടുകളിലേക്കും വീഴുന്നതും പതിവാണ്. നിരവധി ജീവനുകളാണ് ഇത്തരം അപകടങ്ങളില്‍ പൊലിഞ്ഞിട്ടുള്ളത്. വലിയ പാലങ്ങളിലെ വഴിവിളക്കുകള്‍ പലതും മിഴി പൂട്ടിയ നിലയിലാണ്. പള്ളാത്തുരുത്തി പാലത്തില്‍ വൈദ്യുതി വിളക്കുകള്‍ പ്രകാശിക്കാറേയില്ല. നെടുമുടി, കിടങ്ങറ പാലങ്ങളിലും ഏതാനും വിളക്കുകള്‍ മാത്രമാണ് പ്രകാശിക്കുന്നത്.
അടിയന്തരമായി റോഡിലെ കുഴികള്‍ അടയ്‌ക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നുത്. അല്ലാത്തപക്ഷം റോഡിലെ കുഴികള്‍ വലുതാകാനിടയാക്കും. മഴ ശക്തമാകുന്നതോടെ ഇവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്കാവും ഇടയാക്കുക.
















