ന്യൂദല്‍ഹി: മെസേജിങ് ആപ്പ് ആയ വാട്‌സ്ആപ്പ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. നിരോധനം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി കോടതി തള്ളി. വാട്‌സ്ആപ്പ് നിരോധിക്കണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാരനോട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഹരിയാന സ്വദേശിയായ സുധീര്‍ യാദവ് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വാട്‌സ്ആപ്പ് നിരോധിക്കാന്‍ കോടതി വിസമ്മതിച്ചു.
മെസേജിങ്ങ് ആപ്പുകളായ വാട്‌സ്ആപ്പ്, വൈബര്‍, ടെലഗ്രാം, ഹൈക്ക്, സിഗ്‌നല്‍ എന്നിവ സന്ദേശങ്ങള്‍ എന്‍ക്രിപ്പ്റ്റ് ചെയ്യുന്നതിലൂടെ ഭീകരര്‍ക്കും മറ്റു ക്രിമിനല്‍ ഘടകങ്ങള്‍ക്കും സഹായകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാട്ടിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തള്ളിയ സുപ്രീം കോടതി യാദവിനോട് ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്പിലേറ്റ് ട്രിബ്യൂണലിനെ സമീപ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കാത്ത തരത്തില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അടുത്തിടെയാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.
രഹസ്യകോഡിന്റെ രൂപത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ മനസിലാക്കി എടുക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. സൂപ്പര്‍ കംപ്യൂട്ടറുകള്‍ക്ക് പോലും ഇവ മനസിലാക്കാന്‍ സാധിക്കില്ല.
















