ന്യൂദല്‍ഹി : സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായിക്കാണുന്ന ഭരണഘടനയുടെ 377ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പ്രമുഖര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ്.എ. ബോഡ്‌ദെ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു. സുപ്രധാന ഉത്തരവുകള്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിക്കുമെന്ന് ജ.അശോക് ഭൂഷണ്‍ പറഞ്ഞു.
ഈ വിഷയത്തില്‍ കോടതിയില്‍ നിലനില്‍ക്കുന്ന തിരുത്തല്‍ ഹര്‍ജിക്കൊപ്പം ഇപ്പോഴുള്ള അപേക്ഷ പരിഗണിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താറിന്റെ ആവശ്യത്തോട്, ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇക്കാര്യം ബോധിപ്പിക്കണമെന്നാണ് ബെഞ്ച് അഭിപ്രായപ്പെട്ടത്.
സ്വവര്‍ഗരതി മൗലികാവശങ്ങളില്‍പ്പെട്ടതാണെന്നും തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് പ്രമുഖ പാചക വിദഗ്ധരായ ഷെഫ് റിതു ഡാല്‍മിയ, അമന്‍ നാഥ് , നര്‍ത്തകന്‍ എന്‍.എസ് ജോഹര്‍ എന്നിവരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സന്നദ്ധ സംഘടന നല്&്വംഷ;കിയ കേസ് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി 2009 ജൂലൈ രണ്ടിന് ഉഭയസമ്മതപ്രകാരം സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നത് തെറ്റല്ലെന്ന് വിധിച്ചിരുന്നു. 377ാം വകുപ്പ് ഭരണകൂടം ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി. എന്നാല്‍ ഇന്ത്യയിലെ പല മത സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സ്വര്‍ഗരതിക്ക് അനുകൂലമായിരുന്ന കേന്ദ്രസര്‍ക്കാര്‍ പിന്നീട് നിലപാടില്‍ മാറ്റം വരുത്തി.
തുടര്‍ന്ന് 2013ല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സ്വവര്‍ഗ്ഗരതി കുറ്റകരമാണെന്ന് വിധിച്ചു. ഈ വിധിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സ്വവര്ഗ്ഗാനുരാഗികളും സാമൂഹിക പ്രവര്‍ത്തകരും ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്.
















