പെരിന്തല്‍മണ്ണ: സ്ഥാപിത താല്പര്യക്കാര്ക്ക് വേണ്ടി ക്രിസ്ത്യന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്വാറി സമരത്തില്‍ ഇടവക വിശ്വാസികള്‍ക്ക് അതൃപ്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഖനാനാനുമതി, മുതല്‍ ഡിഎംഒയുടെ സര്‍ട്ടിഫിക്കറ്റ് വരെയുള്ള ക്വാറിക്കെതിരെയാണ് കത്തോലിക്ക ഇടവകയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. താഴേക്കോട് പ്രവര്‍ത്തിക്കുന്ന ചെറുകിട ക്രഷര്‍, ക്വാറി യൂണിറ്റിനെതിരെയുള്ള സമരം അനാവശ്യമാണെന്ന് വിശ്വാസികള്‍ പറയുന്നു. ഇടവകാംഗമായ സിപിഎം നേതാവാണ് ഇതിനു പിന്നിലെന്നും ചിലരുടെ സംരക്ഷിക്കാന്‍ സഭ കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
2010 വരെ ഈ ക്വാറി ഇവിടെ പ്രവര്‍ത്തിച്ചിരുന്നതാണ്. പിന്നീട് ഇത് കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെയാണ് എതിര്‍പ്പുകളുമായി ചിലര്‍ രംഗത്തെത്തിയത്. രാഷ്ട്രീയലാഭം മാത്രം മുന്നില്‍ കണ്ട് സമരം ചെയ്യുന്നതാകട്ടെ ദൂരദേശത്ത് നിന്നുള്ളവരും. ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിന്ന് നാലും അഞ്ചും കിലോമീറ്റര്‍ അകലെ താമസിക്കുന്നവരാണ് സമരമുഖത്ത് സജീവമായിരിക്കുന്നത്. ആദ്യത്തെ സമരം വിജയിക്കാതായതോടെ ക്രിസ്ത്യന്‍ സഭയുടെ പിന്തുണ തേടി. ഇടവക വികാരിയും, ചില വിശ്വാസികളും സമരക്കാര്‍ക്കൊപ്പം ചേര്‍ന്നു. ഇതാണ് പുതിയ പ്രശ്നത്തിന് കാരണം. ഇടവകയുടെ പേര് സമരത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും ചിലരുടെ താല്പര്യം മാത്രം സംരക്ഷിക്കേണ്ട ആവശ്യം സഭക്കില്ലെന്നുമാണ് ഒരുകൂട്ടം വിശ്വാസികളുടെ നിലപാട്.
പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും നിരവധി വന്‍കിട ക്വാറികള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാത്തവര്‍ ഈ സമരനാടകം നടത്തുന്നത് എന്തിനാണെന്നാണ് ജനങ്ങളുടെ ചോദ്യം. അനധികൃത ക്വാറികള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്ന ഇരുമുന്നണികളും നിയമപരമായി പ്രവര്‍ത്തിക്കുന്ന ചെറിയ ക്വാറികള്‍ക്കെതിരെ രംഗത്ത് വരുന്നതില്‍ ദുരൂഹയയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സമീപവാസികള്‍ക്കൊന്നും താഴേക്കോട് വിടാവ്മലയിലുള്ള ഈ ക്വാറിക്കെതിരെ പരാതിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്വാറി ഒരു പ്രധാന പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാട്ടാനും ഇരുമുന്നണികളും ശ്രമിച്ചിരുന്നു. ജനവാസകേന്ദ്രത്തിലല്ല ക്വാറി പ്രവര്‍ത്തിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് സമരം അരങ്ങേറുന്നത്. അനാവശ്യ സമരം കാരണം പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരായ തൊഴിലാളികളും ക്വാറി ഉടമയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: