കണ്ണൂര്‍: ഏഴു വയസ്സുകാരന്റെ കൈവെട്ടിയിട്ടും അങ്കക്കലി തീരാതെ സിപിഎം. ഇരിട്ടി, മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാലയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച എഴു വയസ്സുകാരന്‍ കാര്‍ത്തിക്കിന്റെ വീടിനു നേരെ ഇന്നലെ വീണ്ടും അക്രമംനടത്തിക്കൊണ്ടാണ് അക്രമം മുഖമുദ്രയായിട്ടുളള സിപിഎമ്മുകാര്‍ അഴിഞ്ഞാട്ടം നടത്തിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അക്രമം.
കല്ലേറില്‍ വീടിന്റെ പിറകുവശത്തെ ജനല്‍ഗ്ലാസ് പൊട്ടിച്ചിതറി. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും അക്രമികള്‍ മറിച്ചിട്ടു. ശബ്ദം കേട്ട് കാര്‍ത്തിക്കിന്റെ പിതാവ് രാഹുലും അമ്മ രമ്യയും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നംഗ സിപിഎം സംഘമാണ് അക്രമത്തിനു പിന്നിലെന്ന് വീട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ മെയ് 30ന് സന്ധ്യയോടെ കാര്‍ത്തികിന്റെ പിതാവായ രാഹുലിനെ അന്വേഷിച്ചെത്തിയ കാര്‍ത്തിക്കിന്റെ അമ്മാവന്‍ മനു ഉള്‍പ്പെടെയുള്ള രണ്ടംഗ സിപിഎം സംഘം രാഹുലിനെ കയ്യില്‍ കിട്ടാതെ വന്നപ്പോള്‍ മകനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈക്ക് മാരകമായി പരിക്കേറ്റ കാര്‍ത്തിക് ഏതാനും ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. അക്രമത്തില്‍ വെട്ടേറ്റ കാര്‍ത്തിക് ഇപ്പോഴും പരിക്കേററ കൈക്ക് പ്ലാസ്റ്ററിട്ടാണ് നടക്കുന്നത്.
പാവപ്പെട്ട കുടുംബമായ രാഹുലിന്റെ പണി പൂര്‍ത്തായാവാത്ത വീടിനുനേരെയാണ് ഇന്നലെ അക്രമം നടന്നത്. കാര്‍ത്തിക്കും മാതാപിതാക്കളും കിടന്ന മുറിയുടെ ജനലാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. ഭാഗ്യത്തിനാണ് ജനല്‍ ചില്ലുകള്‍ ഉറങ്ങുകയായിരുന്ന കാര്‍ത്തിക് ഉള്‍പ്പെടെയുളളവരുടെ ദേഹത്ത് തെറിക്കാഞ്ഞത്. കൈവെട്ടിയിട്ടും അങ്കകലി തീരാതെ കാര്‍ത്തിക്കിന്റെ വീടിനു നേരെ ഇന്നലെ സിപിഎം നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് തുടര്‍ അക്രമണങ്ങള്‍ എന്ന ആരോപണവും ശക്തമായിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി രമ്യ മത്സരിച്ചതിലുള്ള വിരോധമാണ് ഇവരുടെ കുടുംബത്തിന് നേരെ സിപിഎമ്മിനെ തുടര്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. മറ്റൊരു ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസ്സില്‍ പ്രതിയാണ് കാര്‍ത്തികിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച അമ്മാവനായ മനു. സിപിഎം ഒഴികെ മറ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബാലികേറാമലയായിരുന്ന മുഴക്കുന്ന് പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുകയും രണ്ടു വാര്‍ഡുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത് സിപിഎമ്മിനെ വിറളി പിടിപ്പിക്കുകയും അതിനുശേഷം മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തുടര്‍ അക്രമങ്ങള്‍ നടത്തി വരികയാണ് സിപിഎം. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ വീണ്ടും കാര്‍ത്തിക്കെന്ന എഴുവയസ്സുകാരന്റെ വീടിനു നേരെ നടന്ന അക്രമം.
കാര്‍ത്തിക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്റിലായ മനു കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ജയിലില്‍ നിന്നിറങ്ങിയ മനു കാര്‍ത്തിക്കിനേയും കുടുംബത്തേയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ചിലരോട് പറഞ്ഞതായും രാഹുല്‍ ഇന്നലെ പോലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു കൊണ്ടുതന്നെ മനുവിന്റെ നേതൃത്വത്തല്‍ തന്നെയാണ് ഇന്നലെ നടന്ന അക്രമവും എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സിപിഎം അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും തലശ്ശേരിയിലും വ്യാപകമായ അക്രമങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അക്രമക്കേസുകളില്‍ പോലീസ് നടപടിയെടുക്കാത്തത് സിപിഎം പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















