സൂറത്ത്: എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ വിമാന യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജെറ്റ് എയർവേസിലെ എയർ ഹോസ്റ്റസിന്റെ അനുവാദമില്ലാതെ അവരോടൊപ്പം ബലമായി സെൽഫി ഫോട്ടോ എടുത്ത മുഹമ്മദ് അബൂബക്കറാണ് മുംബൈ എയർപോർട്ടിൽ വച്ച് പോലീസ് പിടിയിലായത്.
സൗദി അറേബ്യയിൽ നിന്നും മുംബൈലേക്ക് യാത്ര തിരിച്ച ജെറ്റ് എയർവേസിലാണ് സംഭവം നടന്നത്. സൗദിയിലെ ദമാമിൽ നിന്നും ഉയർന്ന് പൊങ്ങിയ വിമാനത്തിനുള്ളിൽ വച്ച് അബൂബക്കർ എയർഹോസ്റ്റസിനെ തടഞ്ഞു വെച്ചതിനു ശേഷം കൈയ്യിൽ പിടിച്ച് നിർത്തി സെൽഫി എടുക്കുകയായിരുന്നു. എയർഹോസ്റ്റസ് ഒച്ചവച്ചതിനെ തുടർന്ന് മറ്റ് നാല് കാബിൻ ക്രൂ അംഗങ്ങൾ എത്തിയാണ് ഇയാളിൽ നിന്നും എയർ ഹോസ്റ്റസിനെ മോചിപ്പിച്ചത്.
അപമര്യാദയായി പെരുമാറല്ലെന്ന് വിമാന ഉദ്യോഗസ്ഥർ ഇയാൾക്ക് താക്കീത് നൽകിയെങ്കിലും മുഹമ്മദ് യാത്രയിലുടെ നീളം വനിതയെ ശല്യപ്പെടുത്തുകയും ചെയ്തു. ഇതിനു പുറമെ ഇയാൾ ബാത്‌റൂമിൽ കയറി സിഗരറ്റ് വലിക്കുകയും ചെയ്തു. ഇത് നിയമപരമായി കുറ്റമാണ്. തുടർന്ന് വിമാന അധികൃതർ എയർ പോർട്ട് പോലീസിന് പരാതിപ്പെടുകയായിരുന്നു.
















