ന്യൂദൽഹി: ജമ്മു കശ്മീരിലെ പാംപോറിൽ മലയാളി അടക്കം എട്ട് സിആർപിഎഫ് സൈനികർ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലക്ഷർ ഇ തൊയ്ബ തലവൻ ഹഫീസ് സയ്യീദിന്റെ മരുമകൻ ഖലീദ് വലീദാണെന്ന് ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഹഫീസ് സയ്യീദിന്റെ മരുമകൻ ഖലീദ് വലീദ് ആക്രമണം ആസൂത്രണം ചെയ്യുകയും തന്റെ സംഘത്തിലെ പ്രധാനികളായ ഹൻസല അദാൻ, സാജിദ് ജാത് എന്നിവർ വഴി ജിഹാദികളെ ഉപയോഗിച്ച് ആക്രമണം നടത്തി എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഭീകരർക്കായിട്ടുള്ള ആയുധ സാമഗ്രികൾ എത്തിച്ച് നൽകിയത് തെക്കൻ കശ്മീരിലെ ലക്ഷർ ഇ തെയ്ബ കമാൻഡർ അബു ദുജാനയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ശനിയാഴ്ച പാംപോറിൽ നടന്ന ആക്രമണത്തിൽ പാക്കിസ്ഥാനുള്ള പങ്ക് ജമ്മു കശ്മീർ പോലീസിന് ലഭിച്ചിട്ടുണ്ട്. ഭീകരരായ ഹൻസലയും സാജിതും വർഷങ്ങൾക്ക് .മുൻപ് തന്നെ കശ്മീരിലേക്ക് നുഴഞ്ഞു കയറിവരാണ്, ലഷ്കർ ഇ തൊയ്ബയ്‌ക്ക് വേണ്ടി ഭാരതത്തിനെതിരെ ഭീകരാക്രമണങ്ങൾ നടത്താൻ വേണ്ടിയാണ് ഖലീദ് വലീദ് കശ്മീരിൽ തങ്ങുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ശനിയാഴയാണ് ആയുധ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിആർപിഎഫ് സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനെതിരെ ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ എട്ട് സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും 22 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
















