ലാഹോര്‍: ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി പാകിസ്ഥാനില്‍ ഫത്‌വ പുറപ്പെടുവിച്ചു. തന്‍സീം ഇത്ത്ഹാദ് ഐ ഉമ്മത്ത് എന്ന സംഘടനയിലെ അമ്പതോളം ആത്മീയ നേതാക്കന്മാര്‍ ചേര്‍ന്നാണ് പുതിയ മതപരമായ നിയമം കൊണ്ടുവന്നത്.
പുരുഷന്മാരുടേത് പോലുള്ള പ്രകടമായ അടയാളങ്ങളുള്ള ഭിന്നലിംഗ വ്യക്തിക്ക് ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്നും അതുപോലെ തന്നെ സ്ത്രീകളെ പോലെ പ്രകടമായ അടയാളങ്ങളുള്ള ഭിന്നലിംഗക്കാര്‍ക്ക് ഒരു പുരുഷനെ വിവാഹം കഴിക്കാമെന്നും ഫത്‌വയില്‍ വ്യക്തമാക്കുന്നതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രണ്ടു ലിംഗങ്ങളുടെയും പ്രകടമായ അടയാളങ്ങളുള്ള വ്യക്തികള്‍ ആരെയും വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഫത്‌വയില്‍ പറയുന്നു.
ഭിന്നലിംഗക്കാരെ അപമാനിക്കുക, അധിക്ഷേപിക്കുക, പരിഹസിക്കുക മുതലായവ ഹറാമാണെന്നും ഏതൊരു മുസ്ലീം മതവിശ്വാസിക്കും നടത്തുന്ന മരണാനന്തര ചടങ്ങുകള്‍ ഭിന്നലിംഗക്കാര്‍ മരണപ്പെട്ടാല്‍ നടത്താമെന്നും ഫത്‌വ വ്യക്തമാക്കുന്നു.
മാത്രമല്ല ഭിന്നലിംഗക്കാരായ വ്യക്തികള്‍ക്ക് പൂര്‍വിക സ്വത്ത് നല്‍കാതിരിക്കുന്നത് നിയമത്തിന് എതിരാണെന്നും അത്തരം നടപടികള്‍ സ്വീകരിക്കുന്ന മാതാപിതാക്കള്‍ ദൈവത്തിന്റെ കോപത്തിനിരയാകുമെന്നും ഫത്‌വ വ്യക്തമാക്കുന്നു. അത്തരം മാതാപിതാക്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ഫത്‌വയില്‍ ആവശ്യപ്പെടുന്നുണ്ട്.
















