ന്യൂജേഴ്‌സി: കോപ്പ ശതാബ്ദി ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ വീഴ്‌ത്തി ചിലി കിരീടം നിലനിര്‍ത്തി. മുന്‍ വര്‍ഷത്തെ പോലെ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരം 4-2നാണ് ചിലി സ്വന്തമാക്കിയത്. എല്ലാ മത്സരങ്ങൡലേയും പോലെ അര്‍ജന്റീനയുടെ രക്ഷകനാകാന്‍ മെസിക്കായില്ലെന്ന് മാത്രമല്ല് ദുരന്തനായകനാകുകയും ചെയ്തു. അര്‍ജന്റീനയുടെ മെസിയും ബഗ്ലിയും പെനാല്‍റ്റി കിക്ക് പാഴാക്കി. ബ്രസീലിനു ശേഷം കോപ്പ അമേരിക്കയില്‍ കിരീടം നിലനിര്‍ത്തുന്ന രാജ്യമാണ് ചിലി.
അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടു ചുവപ്പുകാര്‍ഡും അഞ്ചു മഞ്ഞക്കാര്‍ഡും കണ്ട ആദ്യ പകുതിയില്‍ ഇരു ടീമിനും ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങി. ചിലിയുടെ മാര്‍സെലോ ഡയസും അര്‍ജന്റീനയുടെ മാര്‍ക്കോ റോഹോയുമാണ് ആദ്യ പകുതിയില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയത്. മത്സരം തുടങ്ങി 19-ാം സെക്കന്റില്‍ തന്നെ ബെനേഗ തൊടുത്ത നീണ്ട ഷോട്ട് ഗോളായില്ല. 20-ാം മിനിറ്റില്‍ ചിലിയന്‍ പ്രതിരോധത്തില്‍വന്ന പിഴവ് ഹിഗ്വയിന്‍ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
28-ാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട്് ഡയസ് കളത്തിനു പുറത്തായി. പത്തുപേരുമായി കളിച്ച ചിലി പിന്നീട് പ്രതിരോധത്തിലായെങ്കിലും അവര്‍ക്ക് ആശ്വസിക്കാന്‍ വകയായി 41-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം റോഹോയ്‌ക്ക് ചുവപ്പു കാര്‍ഡ് കണ്ട്് പുറത്തുപോകേണ്ടിവന്നു. അര്‍തുറോ വിതാലിനെ വീഴ്‌ത്തിയതിനാണ് റോഹോയ്‌ക്ക് പുറത്തു പോകേണ്ടിവന്നത്. എന്നാല്‍ ടെലിവിഷന്‍ റീപ്ലേയില്‍ റോഹോ പന്തിലാണ് ഇടിച്ചതെന്ന് വ്യക്തമായിരുന്നു. ആദ്യ പകുതിയില്‍ ആറു തവണയാണ് അര്‍ജെൈന്റന്‍ താരങ്ങള്‍ ചിലിയന്‍ മുഖത്തേക്ക് മുന്നേറ്റം നടത്തിയത്. എന്നാല്‍ ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ കൈവശം വച്ചത് ചിലിയായിരുന്നു 53 ശതമാനം.
രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമും കളിച്ചത്. 69-ാം മിനിറ്റില്‍ അര്‍ജന്റീന ഹിഗ്വയിനെ വലിച്ച് സെര്‍ജിയോ അഗ്വീറോയെ ഇറക്കി. 85-ാം മിനിറ്റില്‍ അഗ്വീറോയും അര്‍ജന്റീനയുടെ ഒരു തുറന്ന ഗോളവസരം നഷ്ടമാക്കി. മൂന്നു മിനിറ്റ് അധിക സമയത്തിനു മുമ്പ് ചിലിയുടെ ഒന്നാന്തരം നീക്കത്തില്‍ നിന്ന് കഷ്ടിച്ചാണ് അര്‍ജന്റീന രക്ഷപ്പെട്ടത്.
നിശ്ചിത സമയത്ത് ഇരുടീമിനും ഗോള്‍ നേടാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. അധിക സമയത്തിന്റെ 20-ാം മിനിറ്റില്‍ അര്‍ജന്റീന എവര്‍ ബെനേഗയ്‌ക്കു പകരം ലമേലയെ ഇറക്കി. 28-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് മെസിയെടുത്ത കിക്ക് പ്രതിരോധ ഭിത്തിയില്‍ തട്ടി പുറത്തു പോയി. ചിലിയന്‍ പ്രതിരോധം ശക്തമാക്കിയതിനെ തുടര്‍ന്ന് അധികസമയവും അവസാനിക്കുകയായിരുന്നു.
കിരീടത്തിനായുള്ള അര്‍ജന്റീനയുടെ 23 വര്‍ഷത്തെ കാത്തിരിപ്പും മെസിയുടെ കിരീട സ്വപ്നവുമാണ് ഇത്തവണ പൊലിഞ്ഞത്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 82,000 കാണികള്‍ക്ക് മുന്നില്‍ ചെമ്പട അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനയെ ഞെട്ടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലിലും ചിലിയോട് ഷൂട്ടൗട്ടില്‍ അര്‍ജന്റീന തോറ്റിരുന്നു.
















