വാഷിങ്ടണ്‍: അമേരിയ്‌ക്കന്‍ പ്രതിരോധ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന, യുഎസിന്റെ ഔദ്യോഗിക സഖ്യകക്ഷിയല്ലാത്ത ഏക രാജ്യം ഭാരതം മാത്രമാണെന്ന് ഒബാമ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഭാരതത്തെ സുപ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ചതിനെത്തുടര്‍ന്നാണിത്.
ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും തമ്മില്‍ വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നടത്തിയ പ്രസ്താവനയില്‍ ഭാരതത്തെ സുപ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ചിരുന്നു. ഏറ്റവുമടുത്ത സഖ്യകക്ഷികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ സാങ്കേതിക വിദ്യകളാണ് ഭാരതവുമായി ഇനി യുഎസ് പങ്കുവെയ്‌ക്കുന്നത്.
പ്രതിരോധ പങ്കാളിത്ത ഉടമ്പടിയില്‍ അസാധരാണമെന്നു വിശേഷിപ്പിക്കാവുന്ന പുതിയ നിര്‍ദ്ദേശങ്ങളും പുതിയ ഭാഷയുമാണ് ഭാരതവുമായി സ്വീകരിച്ചിരിക്കുന്നത്. ഞങ്ങളുടെ നിലവിലുള്ള ഏതെങ്കിലും നയങ്ങളിലോ ആയുധ കൈമാറ്റ വ്യവസ്ഥകളിലോ ഇത് കാണാനാകില്ല, ഔദ്യോഗിക വക്താവ് പറഞ്ഞു.
ലൈസന്‍സ് രഹിതമായി ലഭിക്കുന്ന വൈവിധ്യമാര്‍ന്ന ഈ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് നിയന്ത്രണമുള്ള വസ്തുക്കളുടെ കയറ്റുമതി അനായാസമാക്കുന്നതിന് ഭാരതത്തിന് പ്രയോജനപ്പെടുത്താം. ആവശ്യമായി വരുന്ന വേളകളില്‍ യുഎസ് സാങ്കേതിക വിദ്യ ഭാരതത്തിന് ലഭ്യമാകാറില്ലെന്ന പരാമര്‍ശത്തിന് ഒരു ശതമാനത്തില്‍ താഴെയുള്ള അപേക്ഷകള്‍ മാത്രമാണ് ഇത്തരത്തില്‍ തള്ളാറുള്ളതെന്നും ഇത് ഭാരതത്തോട് മാത്രമുള്ളസമീപനമല്ലെന്നുമാണ് യു എസിന്റെ ഔദ്യോഗിക വിശദീകരണം.
ചില സാങ്കേതികവിദ്യകള്‍ ലോകത്താരുമായും പങ്കുവെക്കാറില്ല. ഇത് ഭാരതത്തോട് മാത്രമുള്ളതല്ല. യു എസിന്റെ ആഗോള ലൈസന്‍സിങ്ങ് നയങ്ങളുടെ ഭാഗമയാണ്.
















