കുളു: വര്‍ഷം തോറും വന്‍തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമാണ്, ഹിമാചല്‍ പ്രദേശിലെ കുളു. ഇവിടത്തെ ഉള്‍ഗ്രാമ പ്രദേശമായ പാര്‍വ്വതി താഴ്‌വരയില്‍ ആരെയും മദിപ്പിക്കുന്ന മറ്റൊന്നുകൂടി ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. മലാന ഗ്രാമത്തില്‍ നിന്ന് വരുന്ന പ്രത്യേകതരം മയക്കുമരുന്നാണ് ആളുകളെ വന്‍ തോതില്‍ ആകര്‍ഷിക്കുന്നത്.
മലാന ക്രീമെന്നാണ് ഇതിന്റെ വിളിപ്പേര്. വളരെ വില കുറഞ്ഞ മയക്കുമരുന്നായതിനാല്‍ ധാരാളം ചെറുപ്പക്കാര്‍ ഇതിന്റെ ആരാധകരായി മാറിയിട്ടുണ്ട്. ഉയര്‍ന്ന നിലവാരമുളള ചരസിന് വന്‍ വില കൊടുക്കണം. അത് കൊണ്ട് തന്നെ ചെറുപ്പക്കാര്‍ വിലകുറഞ്ഞ ഇത്തരം സാധനങ്ങളുപയോഗിച്ച് തങ്ങളുടെ തലച്ചോര്‍ പുകയ്‌ക്കുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്ന കഞ്ചാവ് കലര്‍ന്ന മയക്കുമരുന്നാണിത്.
നൂതന സങ്കേതങ്ങളുപയോഗിച്ചാണ് ഈ മയക്കുമരുന്ന് കടത്തുന്നത്. നാളീകേരത്തിന്റെ തൊണ്ടുകളിലും പഴപ്പെട്ടികളിലും മതഗ്രന്ഥങ്ങളിലും അച്ചാറ് കുപ്പികളിലും മറ്റും ഒളിപ്പിച്ചാണ് ഇവ കടത്തുന്നത്. അത് കൊണ്ട് തന്നെ ഇവ മണത്ത് കണ്ടെത്താന്‍ നിയോഗിച്ചിരിയ്‌ക്കുന്ന പോലീസ് നായകള്‍ക്ക് പോലും തിരിച്ചറിയാനാകുന്നില്ല.
ഈ ഗ്രാമത്തിലെ ഏറെക്കുറേ മുഴുവന്‍ ജനങ്ങളുടെയും ജീവിത മാര്‍ഗ്ഗവും ഈ മലാന ക്രീം കച്ചവടമാണ്.
അടുത്തിടെ പാര്‍ച്ചതി താഴ്‌വരയില്‍ നിന്ന് മൂന്ന് കിലോയോളം ശുദ്ധ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് തൊഴിലാളികളെ നേപ്പാളില്‍ നിന്ന് അറസ്റ്റ് ചെയതു.
കസോളില്‍ നിന്ന് ആറ് കിലോ ചരസും അടുത്തിടെ പൊലീസ് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുടിയേറ്റ തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. ചെറുപ്പക്കാര്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ക്കായി ഒത്തു കൂടുന്ന ഇടമായി പാര്‍വ്വതി താഴ്‌വര മാറിയിരിക്കുന്നുവെന്നും പോലീസ് പറയുന്നു.
വിനോദസഞ്ചാരികള്‍ വര്‍ദ്ധിക്കുന്ന ജൂണ്‍-ജൂലൈ മാസങ്ങളില്‍ മയക്കുമരുന്നിന്റെ ആവശ്യം വര്‍ദ്ധിക്കുന്നു.
നേപ്പാളിലും മറ്റ് സംസ്ഥാനങ്ങളിലും നിന്നെത്തുന്ന ചരസ് നിലവാരം വളരെ കുറഞ്ഞതാണ്. പ്രീമിയം മലാന ക്രീം എന്ന പേരില്‍ ഇവ വിറ്റഴിക്കുമ്പോള്‍ വന്‍ ലാഭമാണ് കിട്ടുന്നത്. മലാനയ്‌ക്ക് സാധാരണ കഞ്ചാവിനെക്കാള്‍ പതിനഞ്ച് മടങ്ങ് വില കൂടുതലാണ്. നേപ്പാളില്‍ നിന്നുളള ചരസിന്റെ വില കിലോയ്‌ക്ക് പതിനായിരം മുതല്‍ പന്ത്രണ്ടായിരം വരെയാണ്.
അതേസമയം മലാനയില്‍ വളരുന്ന ചരസിന് രണ്ടരലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണ് കിലോയ്‌ക്ക് വില. അത് കൊണ്ട് തന്നെ വിതരണക്കാര്‍ക്ക് വന്‍ ലാഭമാണ് കിട്ടുന്നത്.
മയക്കുമരുന്ന് മാഫിയ വന്‍ തോതില്‍ കുടിയേറ്റ തൊഴിലാളികളെ കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്നു. കഴിഞ്ഞ കൊല്ലം ജൂലൈ 15വരെ പിടിച്ചതിനെക്കാള്‍ മുപ്പത് കിലോ കൂടുതല്‍ ചരസ് ഇതുവരെ പോലീസ് പിടികൂടിയിട്ടുണ്ട്.
ലഹരി മരുന്നുപയോഗം ഭീകരത പോലെ വളരെ അപകടകരമാംവിധം ഉയരുകയാണ്. ഇതിനെതിരെ ശക്തമായ അവബോധം ആവശ്യമാണ്. കഴിഞ്ഞ കൊല്ലം എഴുപത് കിലോ ചരസാണ് ഉത്തര്‍പ്രദേശ് -നേപ്പാള്‍ അതിര്‍ത്തിയില്‍ പോലീസ് പിടികൂടിയത്. പാര്‍വ്വതി താഴ്‌വരയ്‌ക്ക് സമീപമുളള നാനൂറ് ഏക്കര്‍ കഞ്ചാവ് തോട്ടം കഴിഞ്ഞ കൊല്ലം പോലീസ് നശിപ്പിച്ചു. മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ പരിപാടികള്‍ ആവശ്യമാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. പാര്‍വ്വതി താഴ്‌വരയിലെ മലാനാ ക്രീം
വിനാശകാരിയായ ലഹരിയാവുന്നു
















