ന്യൂഡല്‍ഹി: ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ 65 എംഎൽഎമാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു.
നേരത്തെ ഗാസിപുർ മാർക്കറ്റിലെ വ്യാപാരികളോട് സിസോദിയ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഗാസിപുര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ മനീഷ് സിസോദിയക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ ലൈസൻസ് ഇല്ലാത്ത വ്യാപാരികളോട് വിട്ടുവീഴ്ചയില്ലാതെ താൻ നടപടി എടുക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.
വ്യാപാരികൾ തനിക്ക് എതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ മുന്നിൽ ഉടൻ കീഴടങ്ങുമെന്ന് സിസോദിയ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തന്നെ അനുകൂലിക്കുന്ന 65 നിയമസഭാംഗങ്ങൾക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
എന്നാൽ പ്രതിഷേധ മാര്‍ച്ചിനിടെ എഎപി അംഗങ്ങളെ തുഗ്ളക് റോഡില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതി പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
















