ന്യൂദല്‍ഹി: ഭീകരരുടെ സുരക്ഷിത താവളമെന്ന നിലയിലേക്ക് കേരളം വളര്‍ന്നതോടെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഭീകരവാദ സ്വഭാവമുള്ള കേസുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കോഴിക്കോട് ഇരട്ട സ്‌ഫോടനം, കളമശേരി ബസ് കത്തിക്കല്‍, പാനായിക്കുളം-വാഗമണ്‍ സിമി ക്യാംപ് കേസുകള്‍ക്കു പിന്നാലെ, സമാനമായ കൊച്ചി-കൊല്ലം കളക്ടറേറ്റ് സ്‌ഫോടനങ്ങളും തീരുമാനം വേഗത്തിലാക്കുന്നു.
നിലവില്‍ കടവന്ത്രയില്‍ വാടകക്കെട്ടിടത്തിലാണ് കൊച്ചി എന്‍ഐഎ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 30 ജീവനക്കാര്‍. ഇവരുടെ എണ്ണം ഇരട്ടിയാക്കണമെന്നു നിര്‍ദേശം. ഇതിനു പുറമെ സ്വന്തം കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റാനും ഒരുങ്ങുന്നു. കളമശേരിയില്‍ ഇതിനായി കെട്ടിടം കണ്ടെത്തി.
വിപുലീകരണത്തിന് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. ഇതിനൊപ്പം ജമ്മു, റായ്‌പൂര്‍ യൂണിറ്റുകളിലും ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍ദേശം. ഇക്കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഉടനുണ്ടാകുമെന്നും സൂചന.
















