ന്യൂദൽഹി: മോട്ടോർ ബൈക്കിലെത്തിയ മൂന്ന് പേർ പ്രൈവറ്റ് ബാങ്ക് കൊള്ളയടിച്ച് 24 ലക്ഷം രൂപ കവർന്നു. ഹരിയാനയിലെ സോനാപത്തിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ രണ്ട് ബ്രാഞ്ചുകളിലാണ് മോഷണം നടന്നത്.
സോനാപത്തിലെ ബൈഗാൻ പ്രദേശത്തെ ബാങ്ക് ബ്രാഞ്ചിൽ നിന്നും നാല് ലക്ഷം രൂപയും കുമാസ്പുർ ബ്രാഞ്ചിൽ നിന്നും 19.45 ലക്ഷം രൂപയുമാണ് അക്രമികൾ കവർന്നത്. തോക്കുമായി എത്തിയ അക്രമികൾ ബാങ്കിനുള്ളിൽ വെടിയുതിർക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി തടങ്കിലാക്കിയ ശേഷം പണം കവരുകയായിരുന്നുവെന്ന് പ്രദേശത്തെ പോലീസ് ഇൻസ്പെക്ടർ ബൽജിത് സിംഗ് അറിയിച്ചു.
മൂന്ന് പേരും ഹെൽമറ്റ് വെയ്‌ക്കുകയും മുഖം കറുത്ത തുണി ഉപയോഗിച്ച് മറച്ചിരുന്നതായും ബാങ്ക് ജീവനക്കാർ പോലീസിന് മൊഴി നൽകി. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ ഉടൻ പിടി കൂടുമെന്ന് പോലീസ് അറിയിച്ചു.
















