ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ ദിനേശ് മൊഹാനിയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തന്റെ വസതിയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് പോലീസ് നാടകീയമായി എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്നെ തിരിച്ചറിഞ്ഞില്ല എന്ന കാരണത്തിന് തെക്കന്‍ ദല്‍ഹിയിലെ തുക്ലകാബാദില്‍ വച്ച് എംഎല്‍എ അറുപതുകാരനെ മുഖത്തടിച്ചതിനാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിനുശേഷം കൈയില്‍ പിടിച്ചു റോഡിലൂടെ നടത്തിച്ചാണ് മൊഹാനിയയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. എംഎല്‍എയെ സാകേത് കോടതിയില്‍ ഹാജരാക്കും.
വെള്ളിയാഴ്ച വൈകിട്ട് എംഎല്‍എയ്‌ക്ക് നോട്ടീസ് നല്‍കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. പരാതിയെക്കുറിച്ച് വിവരങ്ങള്‍ ആരായാന്‍ അദ്ദേഹം പോലീസുമായി സഹകരിക്കാനും തയാറായില്ല. ഇതേതുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് തെക്കന്‍ ദല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഈശ്വര്‍ സിംഗ് പറഞ്ഞു.
ജലവിതരണം തടസപ്പെട്ടതില്‍ പരാതി പറയാന്‍ എത്തിയ വനിതകളോട് എംഎല്‍എ മോശമായി പെരുമാറി എന്ന കേസിലും വ്യാഴാഴ്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
















