കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്ഥലത്തിന്റെ അടിസ്ഥാന വില മുപ്പത് ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ രഹസ്യ നിര്‍ദ്ദേശം വസ്തു രജിസ്‌ട്രേഷന്‍ ചെലവേറിയതാക്കും. നിരക്ക് വര്‍ധിപ്പിച്ചതിന്റെ ജനരോഷത്തില്‍ നിന്ന് രക്ഷനേടാന്‍ രേഖാമുലം നിര്‍ദ്ദേശം നല്‍കാതെ വകുപ്പ് മേധാവികള്‍ക്ക് വാക്കാല്‍ രഹസ്യ നിര്‍ദ്ദേശം നല്‍കുകയാണ് ബന്ധപ്പെട്ട വകുപ്പ് ചെയ്തിരിക്കുന്നത്. ജില്ലാ രജിസ്ട്രാര്‍ മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിവില കൂട്ടി വരുമാനം വര്‍ധിപ്പിക്കണമെന്ന് സബ്ര്‌രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സ്ഥലവില കൂട്ടിയെഴുതണമെന്ന് ആധാരമെഴുത്തുകാ രോട് സബ്‌രജിസ്ട്രാര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥല വില കൂട്ടിയെഴുതിയില്ലെങ്കില്‍ ആധാരം ഉടമക്ക് മൂന്നിരട്ടി വരെ പിഴയടക്കാനുള്ള നോട്ടീസ് അയക്കാനാണ് നീക്കം. ഫ്‌ളാറ്റുകള്‍ക്ക് നിലവില്‍ ഈടാക്കുന്ന തുക ഇരട്ടിയായി വര്‍ധിപ്പിക്കും. മറ്റ് കെട്ടിടങ്ങള്‍ക്ക് നിലവിലെ ഫീസിനോട് ആയിരം രൂപകൂടി ചേര്‍ത്ത് ചതുരശ്ര അടിക്ക് വില നിശ്ചയിക്കണം. ആധാരമുടമക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് സര്‍ക്കാരിന്റെ പുയിയ നീക്കം.
2010 ലാണ് സര്‍ക്കാര്‍ ഔദ്യോഗികമായി ഭൂമിയുടെ ന്യായവില നിശ്ചയിച്ചത്. ഓരോ വര്‍ഷവും 10 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു അന്ന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ സ്ഥലത്തിന്റെ ന്യായവില സംബന്ധിച്ച് അശാസ്ത്രീയമായ മൂല്യനിര്‍ണ്ണയമാണ് നടത്തിയിരിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ രഹസ്യമായി ന്യായവില കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. വിലനിര്‍ണയം പഠിക്കാന്‍ പുതിയ സമിതിയെ നിയമിക്കണമെന്നും അടിസ്ഥാനവില പുന:പരിശോധിക്കണമെന്നുമാണ് ആധാരമെഴുത്തുകാര്‍ ആവശ്യപ്പെടുന്നത്. ചില മേഖലകളില്‍ യഥാര്‍ത്ഥവിലയെക്കാള്‍ വളരെ കൂടുതലാണ് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വില. ഒരുവര്‍ഷം മുന്‍പാണ് സര്‍ക്കാര്‍ ന്യായവില അന്‍ പത് ശതമാനത്തോളം വര്‍ദ്ധനവ് വരുത്തിയത്. ഇത് പരിഗണിക്കാതെ മുപ്പത് ശതമാനം വര്‍ദ്ധിപ്പിച്ചാല്‍ ഭുമിവില ചില സ്ഥലങ്ങളില്‍ വിപണിവിലയെക്കാള്‍ ഉയരാനും സാധ്യതയുണ്ട്. അടിസ്ഥാന വില വര്‍ദ്ധനവ് സംബന്ധിച്ച് ഔദ്യോഗിക ഓഡര്‍ നിലവിലില്ലാത്തതിനാല്‍ സര്‍ക്കാരിന് നേട്ടമുണ്ടാകാനുള്ള സാധ്യത കുറവാണ്.
വര്‍ദ്ധിപ്പിച്ച മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് രജിസ്ട്രാര്‍ക്ക് നിര്‍ബന്ധം പിടിക്കാനും സാധിക്കില്ല. ഏതെങ്കിലും സ്ഥലമുടമ കോടതിയെ സമീപിച്ചാലും പ്രശ്‌നമാണ്. പുതിയ നിര്‍ദ്ദേശം ഇടനിലക്കാരും രജിസ്ട്രാര്‍മാരും തമ്മിലുള്ള വിലപേശലിനും ഒത്തുകളിക്കുമിടയാക്കാനുള്ള സാധ്യതയുമുണ്ട്. അഴിമതി ഉദ്യോഗസ്ഥതലത്തിലെത്തിക്കാനേ ഇപ്പോഴുള്ള സര്‍ക്കാര്‍ തീരുമാനം കൊണ്ട് സാധിക്കുകയുള്ളു. ജനാധിപത്യത്തെ അട്ടിമറിച്ച് ഉദ്യോഗസ്ഥരാജ് കൊണ്ടുവരാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.
















