സ്വന്തം ലേഖകന്‍
മലപ്പുറം: പ്ലസ് വണ്ണിന് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചെന്ന് അവകാശപ്പെടുമ്പോഴും കാല്‍ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സീറ്റുകിട്ടാതെ ബുദ്ധിമുട്ടുന്നു. ഓപ്പണ്‍ സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവരില്‍ മിക്കവരും. പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് പുറത്തുവന്നപ്പോള്‍ ജില്ലയിലെ 79,506 അപേക്ഷകരില്‍ 32,073 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലായി വെറും 7,685 മെറിറ്റ് സീറ്റുകളാണ് ബാക്കിയുളളത്. 20 ശതമാനം സീറ്റ് വര്‍ധനവിലൂടെ 6,510 സീറ്റുകളാണ് ജില്ലക്ക് അധികമായി ലഭിച്ചത്. എന്നാല്‍ ഇത് ജില്ലയുടെ നിലവിലെ പ്രശ്നത്തിന് പരിഹാരമാവില്ല. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്ത മലപ്പുറം ജില്ലയില്‍ ഈ സീറ്റ് തികയാത്ത അവസ്ഥയാണ്. വിഎച്ച്എസ്ഇ, പോളിടെക്നിക്ക് എന്നിവയില്‍ 55, 000ത്തോളം സീറ്റുകള്‍ ജില്ലയിലുണ്ട്. പക്ഷേ ഇതിലൊന്നുമല്ലാതെ ഉപരി പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഓപ്പണ്‍ സ്കൂള്‍ തന്നെ ശരണം. കഴിഞ്ഞ വര്‍ഷം 22,950 പേരാണ് ജില്ലയില്‍ നിന്നും ഓപ്പണ്‍ സ്കൂളുകളില്‍ ചേര്‍ന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതും മലപ്പുറത്താണ്. അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യമാണ് ജില്ലയില്‍ നിന്ന് ഉയരുന്നത്. എന്നാല്‍ ഇതിന് സാധ്യതയില്ല. മലപ്പുറം ഉള്‍പ്പെടെ മലബാറിലെ ആറ് ജില്ലകള്‍ക്കായി മലപ്പുറത്ത് മേഖലാ കേന്ദ്രം തുടങ്ങിയത് അപേക്ഷകര്‍ക്ക് കൂടുതല്‍ സഹായകമായിട്ടുണ്ട്. നേരത്തെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീര്‍പ്പാക്കാന്‍ തിരുവനന്തപുരത്തുളള സംസ്ഥാന ഓഫീസില്‍ എത്തേണ്ട അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഓപ്പണ്‍ റെഗുലര്‍, ഓപ്പണ്‍ പ്രൈവറ്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കോഴ്സ് പഠിപ്പിക്കുന്നത്. റഗുലര്‍ വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റിസ് വിഭാഗങ്ങളും ഓപ്പണ്‍ പ്രൈവറ്റില് കൊമേഴ്സ്, ഹ്യൂമാനിറ്റ്സ് ഗ്രൂപ്പുകളുമാണുളളത്. ഓപ്പണ്‍ റഗുലര്‍ വിഭാഗത്തിലേക്കാണ് കൂടുതല്‍ കുട്ടികളും അപേക്ഷിക്കാറുളളത്. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ സിലബസാണ് ഇവിടെയും പഠിപ്പിക്കുന്നത്. ഓപ്പണ്‍ സ്കൂളാണെങ്കിലും പ്ലസ്ടു റെഗുലര്‍ കോഴ്സിന് തുല്യമാണ് ഇവിടത്തെ കോഴ്സുകള്‍. ഓപ്പണ്‍ സ്കൂളിന്റെ ഓണ്‍ലൈന്‍ വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ കോപ്പി മലപ്പുറം കളക്ടറേറ്റിലുളള ഓപ്പണ്‍ സ്കൂള്‍ കേന്ദ്രത്തില്‍ എത്തിക്കണം.
സാങ്കേതിക പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്കായി ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ അഞ്ചും സ്വകാര്യ മേഖലയില്‍ 50ഓളവും ഐ.ടി.ഐകള്‍ ജില്ലയിലുണ്ട്. അരീക്കോട്, നിലമ്പൂര്‍, പുഴക്കാട്ടിരി, ചെറിയമുണ്ടം, പാതാക്കര, മാറഞ്ചേരി എന്നീ സര്‍ക്കാര്‍ ഐടിഐകളിലായി 300പേര്‍ക്ക് പ്രവേശനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: