ന്യൂദൽഹി: ബോക്സിങ് താരം മേരി കോമിന് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ വൈൽഡ് കാർഡ് പ്രവേശം ലഭിക്കില്ല. ഇതുസംബന്ധിച്ച ഭാരതത്തിന്റെ അപേക്ഷ അന്താരാഷ്‌ട്ര ബോക്സിങ് അസോസിയേഷൻ (എ.ഐ.ബി.എ) നിരസിച്ചു.
എല്ലാ ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്കും ഒളിമ്പിക്സ് പ്രവേശനത്തിന് നൽകുന്ന പ്രത്യേക അനുമതി പത്രമാണ് വൈൽഡ് കാർഡ്. എല്ലാ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളും പൂർത്തീകരിച്ചതിന് ശേഷമാണ് വൈൽഡ് കാർഡിന് പരിഗണിക്കപ്പെടുക.
കായിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് മേരി കോമിന് വൈൽഡ് കാർഡ് പ്രവേശത്തിന് അഭ്യർഥിക്കാൻ ഭാരതം തീരുമാനിച്ചത്. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായിരുന്നു മേരി കോം.
എന്നാൽ കഴിഞ്ഞ മാസം ചൈനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തില്‍ സെമിയില്‍ തോറ്റതോടെയാണ് മേരികോമിന്റെ ഒളിമ്പിക്സ് മോഹങ്ങൾക്ക് തിരിച്ചടിയായത്.
















