ഇരിട്ടി: ആനപ്പന്തി സഹകരണ ബാങ്കിന്റെ അസി സെക്രട്ടറിയായിരുന്ന പി.കെ. തോമസിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു കൊണ്ടുള്ള ബാങ്ക് ഭരണസമിതി തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കിയതായി പി.കെ തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 2009 മുതല്‍ ഉള്ള മുഴുവന്‍ ആനു കൂല്യങ്ങളും ശമ്പള കുടിശ്ശിക ഉള്‍പ്പെടെ നല്‍കുവാനാണ് കേരളാ ഹൈക്കോടതി ജസ്റ്റിസ് കെ. ഹരിലാലിന്റെ സുപ്രധാന വിധിയില്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അയ്യന്‍കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ഡിസിസി( ഐ) സിക്രട്ടറിയുമായിരുന്ന പി.കെ. തോമസിനെ സാമ്പത്തിക ധനാപഹരണം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് 28 .05. 2009ല്‍ ബാങ്ക് ഭരണസമിതി സെക്രട്ടറിയുടെ ചുമതല വഹിച്ചു വരവേ സസ്‌പെന്റ് ചെയ്തത്. ബാങ്ക് ഭരണസമിതി നല്‍കിയ കുറ്റാരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനു അഭിഭാഷകനെ നിയോഗിക്കുകയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി.കെ. തോമസിനെ ബാങ്കിലെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയുമായിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് പി.കെ.തോമസ് നല്‍കിയ കേസിലാണ് ഇപ്പോള്‍ വിധി. തന്റെ പേരില്‍ ആരോപിക്കപ്പെട്ട ധനാപഹരണം അടക്കമുള്ള കുറ്റങ്ങള്‍ രാഷ്‌ട്രീയമായ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ അടിസ്ഥാനമില്ലാതെ ഉന്നയിക്കപ്പെട്ടതാണെന്നും സാമ്പത്തികമായി യാതൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തിയതായി പി.കെ.തോമസ് പറഞ്ഞു.
















