ഹരാരെ: ഒടുവില്‍ കടന്നു കൂടി. രക്ഷപ്പെട്ടുവെന്നു പറയുന്നതാകും ശരി. സിംബാബ്‌വെയ്‌ക്കെതിരായ അവസാന ട്വന്റി20 മൂന്നു റണ്ണിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി (2-1). ഏകദിനത്തിലെ അപ്രമാദിത്യത്തിന് ട്വന്റി20യില്‍ തിരിച്ചടിയേറ്റെങ്കിലും ഒടുവില്‍ ജയം ഇന്ത്യയ്‌ക്കൊപ്പമെത്തി. സ്‌കോര്‍: ഇന്ത്യ – 138/6 (20), സിംബാബ്‌വെ – 135/6 (20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഇന്ത്യ കേദാര്‍ യാദവിന്റെ (58) കരുത്തിലാണ് 138ലെത്തിയത്.
42 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറും നേടി കേദാര്‍. കെ.എല്‍. രാഹുല്‍ (22), അമ്പാട്ടി റായുഡു (20), അക്ഷര്‍ പട്ടേല്‍ (20 നോട്ടൗട്ട്) എന്നിവരും പിന്തുണ നല്‍കി. സിംബാബ്‌വെയ്‌ക്കായി ഡൊണാള്‍ഡ് ടിരിപാനോ മൂന്നു വിക്കറ്റെടുത്തു.
ജയത്തിലേക്കു നീങ്ങുകയായിരുന്ന സിംബാബ്‌വെയെ അവസാന ഓവര്‍ എറിഞ്ഞ ബരീന്ദര്‍ സ്രാനാണ് പിടിച്ചുനിര്‍ത്തിയത്. സ്രാനിന്റെ അവസാന ഓവറില്‍ ആദ്യ പന്തില്‍ മറുമ നേടിയ സിക്‌സര്‍ പ്രതീക്ഷ ജനിപ്പിച്ചു. അഞ്ചാം പന്തില്‍ ചിഗുംബര ഫോറും നേടിയതോടെ ജയമുറപ്പിച്ചു സിംബാബ്‌വെ. എന്നാല്‍, അവസാന പന്തില്‍ ചിഗുംബരയെ കവറില്‍ ചഹലിന്റെ കൈയിലെത്തിച്ച് സ്രാന്‍ ഇന്ത്യയ്‌ക്ക് പരമ്പര സമ്മാനിച്ചു. 28 റണ്‍സെടുത്ത വുശി സിബന്ദ ടോപ് സ്‌കോറര്‍. പീറ്റര്‍ മൂര്‍ (26), ടിംസ്യെന്‍ മറുമ (23 നോട്ടൗട്ട്) എന്നിവരും പൊരുതി. കേദാര്‍ കളിയിലെ താരം, സ്രാന്‍ പരമ്പരയുടെ താരം.
















