ന്യൂദല്‍ഹി: ആര്‍എസ്എസ് പരിവാര്‍ സംഘടനയായ മുസ്ലിം രാഷ്‌ട്രീയ മഞ്ചിന്റെ ഇഫ്താര്‍ വിരുന്ന് ജൂലൈ രണ്ടിന് ദല്‍ഹിയില്‍ നടക്കും. പാക്കിസ്ഥാന്‍ അടക്കമുള്ള 40 വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ ഇഫ്താറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വിദേശ മുസ്ലിം രാഷ്‌ട്രങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും മുസ്ലിം പണ്ഡിതരും മറ്റു പ്രമുഖരും പങ്കെടുക്കുന്ന ഇഫ്താറില്‍ ഭാരതത്തിന്റെ ആഗോള പ്രാധാന്യം വ്യക്തമാക്കുമെന്ന് മുസ്ലിം രാഷ്‌ട്രീയ മഞ്ചിന്റെ രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ലോകത്തിന് ഭാരതീയത എന്തെന്ന് ബോധ്യമാക്കിക്കൊടുക്കാനാണ് ശ്രമം.
എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിക്കുന്ന രാജ്യമാണ് ഭാരതം. മുസ്ലിം ലോകത്തിന് ആശയുടേയും സമാധാനത്തിന്റെയും ആശ്രയ കേന്ദ്രമാണ് ഭാരതം, ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ചിന്റെ പ്രവര്‍ത്തകര്‍ ചെറിയ ഇഫ്താര്‍ പരിപാടികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീടുകളില്‍ നിന്നാണ് ദാനധര്‍മ്മങ്ങള്‍ ആരംഭിക്കേണ്ടത്. എല്ലാവരും സൗഹാര്‍ദ്ദത്തോടെയും സഹായമനസ്‌കതയോടെയും ജീവിച്ചാല്‍ കലാപങ്ങളില്‍ നിന്നും മുക്തമാകാന്‍ ഭാരതത്തിന് സാധിക്കും. ഭീകരതയില്‍ നിന്നും മുക്തി നേടാനും രാജ്യത്തിനാകും. അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും മുക്തി നേടുന്നതിനായി ജാതിമത ഭേദമന്യേ എല്ലാവരും വീടുകളില്‍ തുളസിച്ചെടി വെച്ചുപിടുപ്പിക്കണമെന്നും ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു. മനുഷ്യ സമൂഹത്തിന് ആപത്തായ മൗലികവാദ ചിന്തകളില്‍ നിന്നും ജനങ്ങള്‍ മുക്തരാകണമെന്നും രാജ്യത്തിനായി വിവേചനങ്ങളില്ലാത്ത മുദ്രാവാക്യങ്ങളുയരണമെന്നും അദ്ദേഹം പറഞ്ഞു.
















